മുംബൈ: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വിദഗ്‌ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റി. വലത് കാൽമുട്ടിലെ ലിഗമെന്‍റിനേറ്റ പരിക്കിന്‍റെ തുടര്‍ ചികിത്സയ്‌ക്കാണ് ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും താരത്തെ മുംബൈയിലെത്തിച്ചത്. ബിസിസിഐ എംപാനൽ ചെയ്‌ത സ്പോർട്‌സ് ഓർത്തോപീഡിക് ഡോക്‌ടർ ദിൻഷോ പർദിവാലയുടെ മേൽനോട്ടത്തില്‍ താരത്തിന് ചികിത്സ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉറവിടങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.
ശസ്ത്രക്രിയ ആവശ്യമാണെങ്കില്‍ യുകെയിലോ യുഎസ്എയിലോ അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു. പന്തിനെ മുംബൈയിലേക്ക് മാറ്റിയതായി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഡയറക്‌ടർ ശ്യാം ശർമയും സ്ഥിരീകരിച്ചിട്ടുണ്ട്. ഡിസംബർ 30ന് ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പന്ത് അപകടത്തില്‍ പെടുന്നത്.