മുന്‍ ഓസ്‌ട്രേലിയന്‍ ഓൾറൗണ്ടർ ആൻഡ്ര്യൂ സൈമണ്ട്‌സിന്‍റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ക്രിക്കറ്റ് ലോകം. താരത്തിന്‍റെ അപ്രതീക്ഷിത മരണത്തില്‍ നടുക്കം രേഖപ്പെടുത്തി മുൻ ഓസ്‌ട്രേലിയൻ ടീമംഗങ്ങളും അന്താരാഷ്ട്ര താരങ്ങളും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.
മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായിരുന്ന ആദം ഗിൽക്രിസ്റ്റ്, ജേസൺ ഗില്ലസ്‌പി, ഡാമിയൻ ഫ്ലെമിംഗ് എന്നിവര്‍ക്ക് പുറമെ മുന്‍ അന്താരാഷ്‌ട്ര താരങ്ങളായിരുന്ന വിവിഎസ് ലക്ഷ്‌മണ്‍, ഷോയിബ് അക്തര്‍, മൈക്കല്‍ വോണ്‍, സ്റ്റീഫൻ ഫ്ലെമിങ് വോണ്‍ തുടങ്ങി നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.
'ഇന്ത്യയില്‍ ഉണരുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. റെസ്റ്റ് ഇൻ പീസ് സുഹൃത്തേ. തീർത്തും വലിയ ദുരന്ത വാർത്തയാണെന്നിത്.' വിവിഎസ് ലക്ഷ്മൺ ട്വിറ്ററില്‍ അനുശോചിച്ചു. ഇത് വല്ലാതെ വേദനിപ്പിക്കുന്നു എന്നായിരുന്നു ഗിൽക്രിസ്റ്റ് ട്വിറ്ററിൽ കുറിച്ചത്. തുടര്‍ന്ന് 'നിങ്ങൾക്കായി എന്തും ചെയ്യുന്ന നിങ്ങളുടെ ഏറ്റവും വിശ്വസ്തനും രസകരവും സ്നേഹനിധിയുമായ സുഹൃത്തിനെക്കുറിച്ച് ചിന്തിക്കുക. അതായിരുന്നു റോയ്' എന്ന് മറ്റൊരു ട്വീറ്റും ഗില്‍ക്രിസ്റ്റ് നടത്തിയിട്ടുണ്ട്.
'ഉണരാൻ ഭയമുണ്ടാക്കുന്ന വാർത്ത. തകർന്നു പോകുന്നു. ഞങ്ങളെല്ലാവരും നിങ്ങളെ മിസ് ചെയ്യും സുഹൃത്തേ..' എന്നായിരുന്നു ഗില്ലസ്പിയുടെ ട്വീറ്റ്. 'ഓസ്‌ട്രേലിയയിൽ ഒരു കാർ അപകടത്തിൽ ആൻഡ്ര്യൂ സൈമണ്ട്‌സിന്‍റെ മരണത്തെക്കുറിച്ച് കേട്ടപ്പോൾ തകർന്നുപോയി. കളിക്കളത്തിനകത്തും പുറത്തും ഞങ്ങൾ ഒരു മികച്ച ബന്ധം പങ്കിട്ടു. ചിന്തകളും പ്രാർഥനകളും കുടുംബത്തോടൊപ്പം'. മുന്‍ പാക് പേസര്‍ ഷോയിബ് അക്തര്‍ കുറിച്ചു.