ലോകകപ്പിനുള്ള അമ്പയർമാരുടെയും മാച്ച് റഫറിമാരുടെയും പട്ടിക പ്രഖ്യാപിച്ച് ഐസിസി. 16 അമ്പയർമാരും ആറ് മാച്ച് റഫറിമാരുമടക്കം 22 പേരുടെ പട്ടികയാണ് ഐസിസി പുറത്തുവിട്ടത്. ഇന്ത്യയില്‍ നിന്ന് അമ്പയറായി സുന്ദരം രവി മാത്രമാണ് പട്ടികയിലുള്ളത്. മാച്ച് റഫറി രഞ്ജൻ മഡ്ഗുലേ തന്‍റെ ആറാം ലോകകപ്പിനാണ് തയ്യാറെടുക്കുന്നത്.
പാകിസ്ഥാൻ അമ്പയർ അലീം ദാർ അഞ്ചാം തവണയാണ് ലോകകപ്പിന് അമ്പയറാകുന്നത്. മെയ് 30 ന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം നിയന്ത്രിക്കുന്നവരില്‍ മൂന്നുപേർ നേരത്തെ ലോകകപ്പ് നേടിയ ടീമുകളില്‍ അംഗമായിരുന്നവരാണ്. ഡേവിഡ് ബൂണാണ് മത്സരത്തിന്‍റെ മാച്ച് റഫറി. കുമാർ ധർമസേനയും ബ്രൂസ് ഓക്സെൻഫോർഡും ഫീല്‍ഡ് അമ്പയർമാരാകുമ്പോൾ പോൾ റൈഫെല്‍ മൂന്നാം അമ്പയറും ജോയെല്‍ വില്‍സൺ നാലാം ഒഫിഷ്യലുമാകും.