2019 ഏകദിന ലോകകപ്പിനുള്ള ശ്രീലങ്കയുടെ ഔദ്യോഗിക ജേഴ്സിയും പരിശീലന കിറ്റും പുറത്തിറക്കി. ശ്രീലങ്കൻ നായകൻ ദിമുത് കരുണരത്നയും ശ്രീലങ്കൻ ക്രിക്കറ്റ് വക്താക്കളും ചേർന്നാണ് ജേഴ്സി പുറത്ത് വിട്ടത്.
പരിസ്ഥിതി സൗഹൃദ ജേഴ്സിയുമായി ശ്രീലങ്കൻ ക്രിക്കറ്റ് ടീം - ശ്രീലങ്ക ജേഴ്സി
ജേഴ്സി നിർമ്മിച്ചിരിക്കുന്നത് കടലില്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന്
![പരിസ്ഥിതി സൗഹൃദ ജേഴ്സിയുമായി ശ്രീലങ്കൻ ക്രിക്കറ്റ് ടീം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3193230-341-3193230-1557027425113.jpg)
പരിസ്ഥിതി സൗഹൃദ ജേഴ്സിയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ടീം അവതരിപ്പിച്ചത്. കടലില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നാണ് ജേഴ്സി നിർമ്മിച്ചിരിക്കുന്നത്.
നാവികസേനയുടെ സഹായത്തോടെ ശ്രീലങ്കൻ കടല്‍തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ റിസൈക്കിൾ ചെയ്ത് നിർമ്മിച്ച ജേഴ്സി പ്രകൃതി സംരക്ഷണത്തിന്‍റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്. ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക ജേഴ്സി നിർമ്മാതാക്കളായ എം എ എസ് ഹോൾഡിംഗ്സാണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിന്‍റെ ആശയം വ്യക്തമാക്കാനായി ജേഴ്സിയില്‍ മുമ്പുണ്ടായിരുന്ന സിംഹത്തിന്‍റെ ചിഹ്നത്തിന് പകരം ആമയേയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ജൂൺ ഒന്നിന് ന്യൂസിലൻഡിനെതിരെയാണ് ശ്രീലങ്കയുടെ ആദ്യ ലോകകപ്പ് മത്സരം. മേയ് ഏഴിന് ശ്രീലങ്കയില്‍ നിന്ന് യാത്രതിരിക്കുന്ന ടീം സ്കോട്ലാൻഡിനെതിരെ രണ്ട് സൗഹൃദ മത്സരങ്ങളും കളിക്കും. ലസിത് മലിംഗയെ മാറ്റിയാണ് കരുണരത്നയെ ശ്രീലങ്കൻ ടീമിന്‍റെ നായകനാക്കിയത്. ടെസ്റ്റ് നായകനായ കരുണാരത്ന ദക്ഷിണാഫ്രിക്കയില്‍ ശ്രീലങ്കയ്ക്ക് ചരിത്രവിജയം സമ്മാനിച്ചിരുന്നു.