ബ്രിസ്ബെയ്ൻ: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വർഷത്തെ വിലക്കിന് ശേഷം ഓസ്ട്രേലിയൻ ടീമില്‍ തിരിച്ചെത്തി സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും. ന്യൂസിലൻഡിനെതിരെ നടന്ന പരിശീലന മത്സരത്തിലാണ് ഇരുവരും ഓസ്ട്രേലിയൻ ജേഴ്സിയിലേക്ക് മടങ്ങിയെത്തിയത്. മത്സരത്തില്‍ ഓസ്ട്രേലിയ കിവീസിനെ ഒരു വിക്കറ്റിന് തോല്‍പ്പിച്ചു.
സ്മിത്തും വാർണറും തിരിച്ചെത്തി; ഓസ്ട്രേലിയക്ക് ജയം
ന്യൂസിലൻഡിനെതിരായ പരിശീലന മത്സരത്തിലാണ് സ്മിത്തും വാർണറും ഓസ്ട്രേലിയൻ ടീമില്‍ തിരിച്ചെത്തിയത്
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് 215 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് വേണ്ടി ഓപ്പണിംഗ് സ്ഥാനത്തല്ല വാർണർ ഇറങ്ങിയത്. മൂന്നാമനായി ഗ്രൗണ്ടിലെത്തിയ വാർണർ 43 പന്തില്‍ നിന്ന് 39 റൺസെടുത്താണ് പുറത്തായത്. മുൻ നായകൻ കൂടിയായ സ്റ്റീവ് സ്മിത്ത് നാലാമനായി ബാറ്റിംഗിനിറങ്ങിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 22 റൺസെടുത്ത സ്മിത്ത് മാറ്റ് ഹെൻറിയുടെ പന്തില്‍ ടോം ലാഥത്തിന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു.
2018 മാർച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലാണ് പന്ത് ചുരണ്ടല്‍ വിവാദമുണ്ടായത്. കുറ്റക്കാരെന്ന് കണ്ടെത്തിയ സ്മിത്തിനും വാർണർക്കും 12 മാസവും ബാൻക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നല്‍കിയത്.