ഏകദിന ലോകകപ്പിന് വേണ്ടിയുള്ള 23 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി. അസ്ഗർ അഫ്ഗാനെ നായകസ്ഥാനത്ത് നിന്ന് നീക്കിയ നടപടിക്കെതിരെയാണ് സഹ താരങ്ങളുടെ പ്രതിഷേധം.
അസ്ഗർ അഫ്ഗാനെ മാറ്റി ഓൾറൗണ്ടർ ഗുല്‍ബദിൻ നയ്ബിനെയാണ് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് നായകനായി നിയമിച്ചത്. ഇതിനെതിരെ ടി-20 ടീമിന്‍റെ നായകൻ റാഷീദ് ഖാനാണ് ആദ്യം രംഗത്ത് വന്നത്. പിന്നീട് മുഹമ്മദ് നബി ഉൾപ്പെടെയുള്ള താരങ്ങളും സെലക്ടർമാർക്കെതിരെ രംഗത്തെത്തി. ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ടീമിന്‍റെ മൊത്തത്തിലുള്ള ആത്മവിശ്വാസത്തെ തകർക്കുന്നതാണ് സെലക്ടർമാരുടെ നീക്കമെന്ന് റാഷിദും നബിയും വ്യക്തമാക്കി.
2015ല്‍ മുഹമ്മദ് നബിയില്‍ നിന്നും നായകസ്ഥാനം ഏറ്റെടുത്ത അസ്ഗർ മികച്ച രീതിയിലാണ് അഫ്ഗാൻ ടീമിനെ നയിച്ചത്. അസ്ഗറിന്‍റെ കീഴില്‍ 31 ഏകദിനങ്ങളിലും 37 ട്വന്‍റി-20ലും അഫ്ഗാനിസ്ഥാൻ ജയിച്ചു. അഫ്ഗാൻ ലോകകപ്പിന് യോഗ്യത നേടിയതും അസ്ഗറിന്‍റെ കീഴിലായിരുന്നു.
ലോകകപ്പിനുള്ള 23 അംഗ അഫ്ഗാന്‍ സാധ്യതാ ടീം: ഗുല്‍ബാദിന്‍ നയ്ബ് (ക്യാപ്റ്റന്‍), റാഷിദ് ഖാന്‍, മുഹമ്മദ് ഷഹ്‌സാദ്, നൂര്‍ അലി സദ്‌റാന്‍, ഹസ്‌റത്തുള്ള സസായ്, ഉസ്മാന്‍ ഗനി, അസ്ഗര്‍ അഫ്ഗാന്‍, ഹഷ്മത്തുള്ള ഷാഹിദി, റഹ്മത്ത് ഷാ, മുഹമ്മദ് നബി, നജീബ് സദ്‌റാന്‍, ദര്‍വീഷ് റസൂലി, മുജീബുറഹ്മാന്‍, ഷഫീഖുള്ളാ ഷഫാഖ്, ദൗലത്ത് സദ്‌റാന്‍, അഫ്താബ് ആലം, ഷാപൂര്‍ സദ്‌റാന്‍, ഹാമിദ് ഹസ്സന്‍, കരീം ജനത്ത്, ഖയിസ് അഹ്മദ്, ഷറഫുദ്ധീന്‍ അഷ്‌റഫ്, സയിദ് ഷിര്‍സാദ്, സമിയുള്ള ഷിന്‍വാരി.