ഹൈദരാബാദ് : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ആദ്യ പന്തെറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. വിശ്വകിരീടത്തിനായി ക്രിക്കറ്റിലെ കരുത്തന്മാര്‍ പോരിനിറങ്ങുമ്പോള്‍ കളിക്കളത്തില്‍ വീറും വാശിയും കൂടുമെന്നുറപ്പ്. ക്രിക്കറ്റില്‍ ബാറ്റിങ്ങിനും ബോളിങ്ങിനും സമാനമായ പ്രധാന്യമാണ് ഫീല്‍ഡിങ്ങിനുമുള്ളത്. 'ക്യാച്ചസ് വിന്‍സ് മാച്ചസ്' എന്ന ചൊല്ല് ആരാധകര്‍ക്ക് ഏറെ പരിചിതവുമാണ്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും മികച്ച അഞ്ച് ക്യാച്ചുകള്‍ ഏതെന്ന് നോക്കാം (Top five catches in World Cup history).
ഷെൽഡൺ കോട്രെൽ (Sheldon Cottrell)
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്ന ക്യാച്ചുകളിലൊന്നിനുടമ വെസ്റ്റ് ഇൻഡീസ് താരം ഷെൽഡൺ കോട്രെലാണ്. 2019ലെ ലോകകപ്പിൽ, ഓസ്‌ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്തിനെയാണ് അത്ഭുതകരമായ ക്യാച്ച് എടുത്ത് ഷെൽഡൺ കോട്രെൽ പുറത്താക്കിയത്. വിന്‍ഡീസ് പേസര്‍ ഒഷാനെ തോമസിനെതിരെ ലോങ് ലെഗിലേക്ക് സിക്‌സറിനായിരുന്നു സ്‌മിത്തിന്‍റെ ശ്രമം.
ഡീപ് ഫൈൻ ലെഗിൽ നിന്നും ഓടിയെത്തിയ കോട്രെൽ ബൗണ്ടറിക്ക് പുറത്ത് നിന്നും പന്ത് കയ്യിലൊതുക്കി. ഓട്ടം ബൗണ്ടറിക്കുള്ളിലേക്ക് കടക്കുമെന്ന് മനസിലാക്കിയ താരം പന്ത് പുറത്തേക്കിട്ടു. പിന്നീട് അതിവേഗത്തില്‍ ബൗണ്ടറിക്കുള്ളിലേക്ക് തിരികെ എത്തിയ താരം അത്‌ഭുതകരമായാണ് പന്ത് കയ്യില്‍ ഒതുക്കിയത്. 73 റണ്‍സെടുത്തായിരുന്നു സ്‌മിത്തിന്‍റെ മടക്കം.
സ്റ്റീവ് സ്‌മിത്ത് (Steve Smith)
ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്‌മിത്തിന്‍റേതാണ് മറ്റൊന്ന്. 2015-ലെ ലോകകപ്പില്‍ ഫൈൻ ലെഗിൽ ഫീൽഡ് ചെയ്യുന്നതിനിടെ ഒരു ഉജ്ജ്വല ക്യാച്ചിലൂടെ ടോം ലാഥത്തെയാണ് ഓസീസ് താരം മടക്കിയത്. പേസർ മിച്ചൽ സ്റ്റാർക്കിന്‍റെ പന്തിൽ ശക്തമായ ഷോട്ടായിരുന്നു ലാഥം കളിച്ചത്. തന്‍റെ വലതുവശത്തേക്ക് വന്ന പന്ത് ഒരു പറവയെ പോലെ ഉയര്‍ന്ന് ചാടിയാണ് സ്‌മിത്ത് റാഞ്ചിയത്. പുറത്താവുമ്പോള്‍ 14 റൺസായിരുന്നു കിവീസ് ബാറ്ററുടെ അക്കൗണ്ടിലുണ്ടായിരുന്നത്.
ജെസ്സി റൈഡർ (Jesse Ryder)
ലോകകപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചെടുത്ത താരങ്ങളുടെ പട്ടികയില്‍ ന്യൂസിലന്‍ഡിന്‍റെ മുന്‍ ഓള്‍ റൗണ്ടര്‍ ജെസ്സി റൈഡറുമുണ്ട്. 2011-ലെ ലോകകപ്പിൽ ശ്രീലങ്കയുടെ ഉപുല്‍ തരംഗയെ അയിരുന്നു റൈഡര്‍ പറന്നുപിടിച്ചത്. പേസർ ടിം സൗത്തിയുടെ പോയിന്‍റിലേക്ക് പ്ലേസ് ചെയ്യാനായിരുന്നു ഉപുൽ തരംഗയുടെ ശ്രമം.