ന്യൂഡല്‍ഹി :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ശ്രീലങ്കയ്‌ക്ക് ഇന്ന് (നവംബര്‍ 6) ജീവന്‍മരണ പോരാട്ടം. ഉച്ചയ്‌ക്ക് രണ്ടിന് ആരംഭിക്കുന്ന മത്സരത്തില്‍ ആശ്വാസജയം തേടിയെത്തുന്ന ബംഗ്ലാദേശാണ് എതിരാളികള്‍ (Sri Lanka vs Bangladesh). ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.
പോയിന്‍റ് പട്ടികയില്‍ (Cricket World Cup 2023 Points Table) ഏഴാം സ്ഥാനക്കാരാണ് ശ്രീലങ്ക. ഏഴ് മത്സരം പൂര്‍ത്തിയായപ്പോള്‍ രണ്ട് ജയം മാത്രമാണ് ലങ്കയ്‌ക്ക് ലോകകപ്പില്‍ നേടാനായത്. അവസാന കളിയില്‍ ഇന്ത്യയോട് തകര്‍ന്നടിഞ്ഞ ലങ്കയ്‌ക്ക് സെമി ഫൈനല്‍ സാധ്യതകള്‍ അല്‍പമെങ്കിലും നിലനിര്‍ത്തണമെങ്കില്‍ ഇന്ന് ജയം അനിവാര്യമാണ്.
അതേസമയം, ഇന്ന് തോല്‍വിയാണ് ഫലമെങ്കില്‍ ലോകകപ്പില്‍ നിന്നും പുറത്താകുന്ന മൂന്നാമത്തെ ടീമാകും മുന്‍ചാമ്പ്യന്മാര്‍. ബാറ്റര്‍മാരുടെയും ബൗളര്‍മാരുടെയും സ്ഥിരതയില്ലായ്‌മയണ് ലങ്കയ്‌ക്ക് ലോകകപ്പില്‍ തിരിച്ചടിയായത്. കൂടാതെ പ്രധാന താരങ്ങളുടെ പരിക്കും ടീമിന്‍റെ മുന്നേറ്റങ്ങളെ കാര്യമായി തന്നെ ബാധിച്ചു.
ഇന്ത്യ വേദിയായ ലോകകപ്പില്‍ കറുത്ത കുതിരകളാകുമെന്ന് പ്രതീക്ഷിച്ച ടീമാണ് ബംഗ്ലാദേശ്. എന്നാല്‍, ആദ്യ മത്സരത്തിലെ ജയം മാറ്റി നിര്‍ത്തിയാല്‍ പിന്നീട് കളിച്ച ഒരു മത്സരത്തിലും ജയം നേടാന്‍ അവര്‍ക്കായില്ല. ഇതോടെ ഏഴ് മത്സരത്തില്‍ ആറ് തോല്‍വിയുമായി ലോകകപ്പില്‍ നിന്നും നേരത്തെ തന്നെ ബംഗ്ലാദേശ് പുറത്താകുകയും ചെയ്‌തു. നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ഉള്‍പ്പടെയുള്ള പ്രധാന താരങ്ങളുടെ മോശം ഫോമാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്.