ധര്‍മ്മശാല : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) തുടര്‍ച്ചയായ മൂന്നാം ജയം തേടി ദക്ഷിണാഫ്രിക്ക (South Africa) ഇന്ന് (ഒക്‌ടോബര്‍ 17) ഇറങ്ങും. ലോകകപ്പിലെ കന്നി ജയത്തിനായി കാത്തിരിപ്പ് തുടരുന്ന നെതര്‍ലന്‍ഡ്‌സാണ് പ്രോട്ടീസിന്‍റെ എതിരാളികള്‍. ധര്‍മ്മശാലയില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത് (South Africa vs Netherlands Match Preview).
മൂന്നാം ജയത്തോടൊപ്പം പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനവുമാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. ശ്രീലങ്ക, ഓസ്ട്രേലിയ എന്നീ ടീമുകളെ തകര്‍ത്ത് തരിപ്പണമാക്കിക്കൊണ്ടാണ് പ്രോട്ടീസിന്‍റെ വരവ്. ഡച്ചുപടയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ പ്രോട്ടീസിന് പ്രത്യേകിച്ച് തലവേദനകളൊന്നുമില്ല.
ബാറ്റര്‍മാരും ബൗളര്‍മാരും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മികവ് കാട്ടുന്നത് അവര്‍ക്ക് ആശ്വാസമാണ്. മികച്ച ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡി കോക്കും എയ്‌ഡന്‍ മാര്‍ക്രവുമാണ് പ്രോട്ടീസ് ബാറ്റിങ് നിരയിലെ വജ്രായുധങ്ങള്‍. ഇവര്‍ക്കൊപ്പം ഡേവിഡ് മില്ലര്‍, ഹെൻറിച്ച് ക്ലാസന്‍ എന്നിവരുടെ മികവും ചേരുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നിരയെ പിടിച്ചുകെട്ടാന്‍ നെതര്‍ലന്‍ഡ്‌സിന് വിയര്‍ക്കേണ്ടി വരും. ബൗളിങ് നിരയിലും കാര്യമായ വെല്ലുവിളികളൊന്നും ദക്ഷിണാഫ്രിക്കയ്‌ക്കില്ല. പേസര്‍മാരും സ്പിന്നര്‍മാരും ഒരുപോലെ തന്നെ മികവ് തുടരുന്നുണ്ട്.
പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് ടീമുകളോട് തോല്‍വി വഴങ്ങിയ നെതര്‍ലന്‍ഡ്‌സിന്‍റെ ലക്ഷ്യം ടൂര്‍ണമെന്‍റിലെ ആദ്യ ജയമാണ്. പാകിസ്ഥാനോട് ആദ്യ കളിയില്‍ 81 റണ്‍സിനും ന്യൂസിലന്‍ഡിനോട് 99 റണ്‍സിനുമായിരുന്നു ഡച്ച് പടയുടെ തോല്‍വി. നിലവില്‍ പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് നെതര്‍ലന്‍ഡ്‌സിന്‍റെ സ്ഥാനം.