മുംബൈ :ഏകദിന ലോകകപ്പിലെ (Cricket World Cup 2023) റെക്കോഡ് ബ്രേക്കിങ് ബൗളിങ് പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ (Mohammed Shami) പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. ഇന്നലെ (നവംബര്‍ 15) വാങ്കഡെ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായി ഒന്നാം സെമി ഫൈനലില്‍ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന്‍റെ ചുക്കാന്‍ പിടിച്ചത് മുഹമ്മദ് ഷമിയായിരുന്നു. ഏഴ് വിക്കറ്റാണ് ഇന്ത്യന്‍ വലംകയ്യന്‍ പേസര്‍ മത്സരത്തില്‍ സ്വന്തമാക്കിയത്.
ഈ പ്രകടനത്തോടെ ലോകകപ്പ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താനും ഷമിക്കായി. കൂടാതെ, നിരവധി റെക്കോഡുകളും താരം മത്സരത്തില്‍ സ്വന്തം പേരിലാക്കി. മത്സരത്തില്‍ 9.5 ഓവര്‍ പന്തെറിഞ്ഞ ഷമി 57 റണ്‍സ് വിട്ടുകൊടുത്ത് കൊണ്ടായിരുന്നു ഇന്നലെ തന്‍റെ കരിയറിലെ മികച്ച പ്രകടനം ഷമി കാഴ്‌ചവച്ചത്. ലോകകപ്പിലെ ഇന്ത്യ ന്യൂസിലന്‍ഡ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുഹമ്മദ് ഷമിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാക് മുന്‍ താരം ഷൊയ്‌ബ് അക്തര്‍ (Shoib Aktar Praised Mohammed Shami).
'എന്തൊരു മികച്ച തിരിച്ചുവരവാണ് മുഹമ്മദ് ഷമി നടത്തിയിരിക്കുന്നത്. അത്ഭുതകരമായ രീതിയില്‍ പന്തെറിയുന്ന ഫാസ്റ്റ് ബൗളറാണ് അദ്ദേഹം. സീം ബൗളിങ് കൊണ്ട് ശരിക്കും മായാജാലം സൃഷ്‌ടിക്കുകയാണ് അദ്ദേഹം'- ഷൊയ്‌ബ് അക്തര്‍ പറഞ്ഞു.
ലോകകപ്പില്‍ ആറ് മത്സരങ്ങളിലാണ് ഷമി ഇന്ത്യയ്‌ക്കായി കളിക്കാന്‍ ഇറങ്ങിയത്. ഇത്രയും മത്സരങ്ങളില്‍ നിന്നുമാത്രം 23 വിക്കറ്റ് നേടാനും ഷമിക്ക് സാധിച്ചു. മൂന്ന് അഞ്ച് വിക്കറ്റ് പ്രകടനങ്ങളോടെയാണ് ഷമി വിക്കറ്റ് വേട്ട നടത്തിയത്.