അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താതെ രാഹുല്‍ ദ്രാവിഡ് (Rahul Dravid). ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിനെ കുറിച്ച് ഇതുവരെയും ആലോചിച്ചിട്ടില്ലെന്ന് ദ്രാവിഡ് പറഞ്ഞു. അഹമ്മദാബാദില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് പിന്നാലെയാണ് ഇന്ത്യന്‍ പരിശീലകന്‍റെ പ്രതികരണം.
കളിക്കാരനായും ക്യാപ്‌റ്റനായും നേടാനാകാത്ത കിരീടം പരിശീലകനായി സ്വന്തമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാഹുല്‍ ദ്രാവിഡ്. ദ്രാവിഡ്-രോഹിത് സഖ്യത്തിന് കീഴില്‍ ലോകകപ്പിന്‍റെ ഫൈനല്‍ വരെ മികച്ച പ്രകടനം പുറത്തെടുക്കാനും ടീം ഇന്ത്യയ്‌ക്ക് സാധിച്ചു. എന്നാല്‍, ടീമിന് ഫൈനലില്‍ കാലിടറിയതോടെ ദ്രാവിഡിന്‍റെ മോഹങ്ങളും അവസാനിക്കുകയായിരുന്നു.
ലോകകപ്പിന് തിരശ്ശീല വീണതോടെ രാഹുല്‍ ദ്രാവിഡിന്‍റെയും പരിശീലക സംഘത്തിലെ മറ്റുള്ളവരുടെയും ടീം ഇന്ത്യയുമായുള്ള കരാര്‍ അവസാനിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ അടുത്ത ടി20 പരമ്പരയില്‍ വിവിഎസ് ലക്ഷ്‌മണ്‍ ആണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു ലോകകപ്പ് കലാശപ്പോരാട്ടത്തിന് ശേഷം മാധ്യമങ്ങളെ കാണാനെത്തിയ ദ്രാവിഡിനോട് ഭാവി പദ്ധതികളെ കുറിച്ചുള്ള ചോദ്യം ഉയര്‍ന്നത്.