ബെംഗളൂരു :കരിയറിലെ ആദ്യ ലോകകപ്പില്‍ തന്നെ തകര്‍പ്പന്‍ ബാറ്റിങ് കൊണ്ട് ആരാധകരുടെ മനം കവരുകയാണ് ന്യൂസിലന്‍ഡ് ബാറ്റര്‍ രചിന്‍ രവീന്ദ്ര (Rachin Ravindra). പ്രാഥമിക റൗണ്ടില്‍ ന്യൂസിലന്‍ഡിന്‍റെ ഒന്‍പത് മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ ടീമിനായി കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയുടെ തലപ്പത്ത് തന്നെ സ്ഥാനം ഉറപ്പിക്കാന്‍ 23കാരനായ താരത്തിനായിട്ടുണ്ട്. കൂടാതെ ഈ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) റണ്‍വേട്ടക്കാരിലും ഒന്നാമനാണ് രചിന്‍.
ഒന്‍പത് മത്സരം പൂര്‍ത്തിയായപ്പോള്‍ 70.62 ശരാശരിയില്‍ 563 റണ്‍സാണ് രചിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്. മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറികളും ലോകകപ്പില്‍ സ്വന്തമാക്കാനും രചിന് സാധിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡ് സെമി ബെര്‍ത്ത് ഏകദേശം ഉറപ്പിച്ച ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലും ബാറ്റുകൊണ്ട് മികവ് പുലര്‍ത്താന്‍ കിവീസ് ഓപ്പണര്‍ക്ക് സാധിച്ചിരുന്നു.
ചിന്നസ്വാമിയില്‍ ശ്രീലങ്ക ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിനായി ഓപ്പണറായി ക്രീസിലെത്തിയ രചിന്‍ രവീന്ദ്ര 34 പന്തില്‍ 42 റണ്‍സ് നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെ 25 വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറാനും രചിന് സാധിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 1996ലെ ലോകകപ്പില്‍ സ്ഥാപിച്ച റെക്കോഡാണ് രചിന്‍ മറികടന്നിരിക്കുന്നത്.
Also Read :Cricket World Cup 2023 Story About Rachin Ravindra : 'രാഹുലും സച്ചിനും' ചേര്‍ന്ന രചിന്‍; കിവീസ് യുവതാരത്തിന്‍റെ പേരിന് പിന്നിലെ കഥ
കൂടാതെ, ലോകകപ്പ് അരങ്ങേറ്റത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമായും രചിന്‍ രവീന്ദ്ര മാറി. 2019ല്‍ ഇംഗ്ലണ്ട് ബാറ്റര്‍ ജോണി ബെയര്‍സ്റ്റോ 11 ഇന്നിങ്‌സില്‍ നിന്നും അടിച്ചുകൂട്ടിയ 532 റണ്‍സിന്‍റെ റെക്കോഡാണ് രചിന്‍ പഴങ്കഥയാക്കിയത്.
അതേസമയം, ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ ജയത്തോടെ പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനം ഉറപ്പിക്കാന്‍ ന്യൂസിലന്‍ഡിന് സാധിച്ചിട്ടുണ്ട്. ഇന്നലെ (നവംബര്‍ 9) ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കിവീസ് ലങ്കയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലങ്കയെ കിവീസ് ബൗളര്‍മാര്‍ വരിഞ്ഞുമുറിക്കയപ്പോള്‍ അവര്‍ക്ക് 46.4 ഓവറില്‍ 171 റണ്‍സാണ് നേടാനായത്.
മൂന്ന് വിക്കറ്റ് നേടിയ ട്രെന്‍റ് ബോള്‍ട്ടും രണ്ട് വിക്കറ്റ് നേടിയ ലോക്കി ഫെര്‍ഗൂസണ്‍, മിച്ചല്‍ സാന്‍റ്‌നര്‍, രചിന്‍ രവീന്ദ്ര എന്നിവരും ചേര്‍ന്നാണ് ലങ്കന്‍ ബാറ്റര്‍മാരെ പൂട്ടിയത്. മറുപടി ബാറ്റിങ്ങില്‍ 23.2 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ ന്യൂസിലന്‍ഡ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഡെവോണ്‍ കോണ്‍വെ (45), രചിന്‍ രവീന്ദ്ര (42), ഡാരില്‍ മിച്ചല്‍ (43) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് കിവീസിന് അനായാസ ജയം സമ്മാനിച്ചത്.
Also Read :ഏഴാം ജയം തേടി ദക്ഷിണാഫ്രിക്ക, തല ഉയര്‍ത്തി മടങ്ങാന്‍ അഫ്‌ഗാനിസ്ഥാന്‍; പോരാട്ടം അഹമ്മദാബദില്‍, ഇരു ടീമിലും മാറ്റത്തിന് സാധ്യത