പൂനെ :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) കരുത്തരായ ന്യൂസിലന്‍ഡിനെയും നിലം തൊടാതെ തകര്‍ത്ത് പോയിന്‍റ് പട്ടികയിലും ഒന്നാം സ്ഥാനം പിടിച്ച് ദക്ഷിണാഫ്രിക്ക (Cricket World Cup 2023). ലോകകപ്പിലെ ഏഴാം മത്സരത്തില്‍ ആറാം സ്ഥാനം സ്വന്തമാക്കി ഇന്ത്യയെ മറികടന്നാണ് പ്രോട്ടീസ് ടേബിള്‍ ടോപ്പേഴ്‌സായത്. 12 പോയിന്‍റാണ് ഇരു ടീമിനും ഉള്ളതെങ്കിലും മികച്ച നെറ്റ് റണ്‍ റേറ്റാണ് ദക്ഷിണാഫ്രിക്കയെ പോയിന്‍റ് പട്ടികയുടെ തലപ്പത്തെത്തിച്ചത്.
പൂനെയില്‍ ന്യൂസിലന്‍ഡിനെ 190 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത് (South Africa vs New Zealand Match Result). നിലവില്‍ അവരുടെ നെറ്റ് റണ്‍ റേറ്റ് 2.290 ആണ്. ഇനി രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ദക്ഷിണാഫ്രിക്ക ലോകകപ്പ് സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്.
ലോകകപ്പിലെ തകര്‍പ്പന്‍ തുടക്കത്തിന് ശേഷം തുടര്‍ച്ചയായി മൂന്ന് മത്സരം പരാജയപ്പെട്ട ന്യൂസിലന്‍ഡിന് പോയിന്‍റ് പട്ടികയിലും തിരിച്ചടിയേറ്റിട്ടുണ്ട്. ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കാണ് കിവീസ് വീണത്. ഏഴ് മത്സരത്തില്‍ നിന്നും എട്ട് പോയിന്‍റാണ് നിലവില്‍ അവര്‍ക്കുള്ളത്.
അതേസമയം, ന്യൂസിലന്‍ഡിന്‍റെ തോല്‍വി പോയിന്‍റ് പട്ടികയില്‍ അഞ്ച്, ആറ് സ്ഥാനക്കാരായ പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍ ടീമുകള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. ഏഴ് മത്സരം കളിച്ച പാകിസ്ഥാനും ആറ് മത്സരം കളിച്ച അഫ്‌ഗാനിസ്ഥാനും നിലവില്‍ ആറ് പോയിന്‍റാണ് ഉള്ളത്.