കേരളം

kerala

ETV Bharat / sports

Cricket World Cup 2023 Points Table: ചെന്നൈ ത്രില്ലര്‍ ജയം, ഇന്ത്യയെ മറികടന്ന് 'പ്രോട്ടീസ് പവര്‍'; പോയിന്‍റ് പട്ടികയില്‍ ഒന്നാമത്

South Africa Top in Cricket World Cup 2023 Points Table: പാകിസ്ഥാനെതിരായ ജയത്തിന് പിന്നാലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തി ദക്ഷിണാഫ്രിക്ക.

Etv Bharat
Etv Bharat

By ETV Bharat Kerala Team

Published : Oct 28, 2023, 7:41 AM IST

ചെന്നൈ :ചെപ്പോക്കില്‍ പാകിസ്ഥാനെതിരെ ത്രില്ലര്‍ ജയം സ്വന്തമാക്കിയതിന് പിന്നാലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ (Cricket World Cup 2023 Points Table) ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക (South Africa). ഇന്നലെ (ഒക്‌ടോബര്‍ 27) ചെന്നായിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ ഒരു വിക്കറ്റിനാണ് പ്രോട്ടീസ് തോല്‍പ്പിച്ചത് (South Africa vs Pakistan Match Result). മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 271 റണ്‍സ് വിജയലക്ഷ്യം 48-ാം ഓവറിലെ രണ്ടാം പന്തില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു.

21 പന്തില്‍ 7 റണ്‍സുമായി കേശവ് മഹാരാജും 6 പന്തില്‍ 4 റണ്‍സ് നേടിയ തബ്രൈയിസ് ഷംസിയുമായിരുന്നു ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്. 93 പന്തില്‍ 91 റണ്‍സ് നേടി പുറത്തായ എയ്‌ഡന്‍ മാര്‍ക്രമിന്‍റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ ജയത്തില്‍ നിര്‍ണായകമായത്. പ്രോട്ടീസിന്‍റെ മറ്റാര്‍ക്കും തന്നെ വ്യക്തിഗത സ്കോര്‍ 30 കടത്താന്‍ സാധിച്ചിരുന്നില്ല.

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ അഞ്ചാമത്തെ ജയമായിരുന്നു പാകിസ്ഥാനെതിരെ. കളിച്ച ആറാം മത്സരത്തിലാണ് പ്രോട്ടീസ് തങ്ങളുടെ അഞ്ചാം ജയം നേടിയത്. ഈ ജയത്തോടെ ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ ടീം ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളാനും ദക്ഷിണാഫ്രിക്കയ്‌ക്കായി.

കളിച്ച അഞ്ച് മത്സരവും ജയിച്ച ഇന്ത്യയ്‌ക്കും പത്ത് പോയിന്‍റാണുള്ളത്. എന്നാല്‍ മികച്ച നെറ്റ് റണ്‍ റേറ്റിന്‍റെ കരുത്തിലാണ് ടീം ഇന്ത്യയെ മറികടക്കാന്‍ ദക്ഷിണാഫ്രിക്കയ്‌ക്കായത്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്‌ക്ക് 2.032 നെറ്റ് റണ്‍ റേറ്റും രണ്ടാമതുള്ള ഇന്ത്യയ്‌ക്ക് 1.353 നെറ്റ് റണ്‍റേറ്റുമാണുള്ളത്.

ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം തോല്‍വിയേറ്റുവാങ്ങിയ പാകിസ്ഥാന്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്ത് തുടരുകയാണ്. ആറ് മത്സരങ്ങളില്‍ നിന്നും രണ്ട് ജയം മാത്രം സ്വന്തമാക്കിയ പാക് സംഘത്തിന് നാല് പോയിന്‍റാണുള്ളത്. -0.387 ആണ് അവരുടെ നെറ്റ് റണ്‍ റേറ്റ്.

പോയിന്‍റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാരായ ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയക്കും ഇന്ന് മത്സരങ്ങളുണ്ട്. ധര്‍മ്മശാലയില്‍ നടക്കുന്ന മത്സരത്തില്‍ ഓസീസിനെ വീഴ്‌ത്താനായാല്‍ നിലവില്‍ എട്ട് പോയിന്‍റുമായി മൂന്നാമതുള്ള കിവീസിന് ഇന്ത്യയെ മറികടന്ന് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്താം. മറുവശത്ത് അഞ്ച് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്‍റാണ് ഓസ്‌ട്രേലിയക്കുള്ളത്.

അഞ്ച് മത്സരങ്ങളില്‍ നാല് പോയിന്‍റ് മാത്രമുള്ള ശ്രീലങ്കയാണ് പാകിസ്ഥാന് മുന്നിലായി പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. ഇംഗ്ലണ്ട്, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരെ ജയം സ്വന്തമാക്കിയ അഫ്‌ഗാനിസ്ഥാന്‍ നിലവിലെ ഏഴാം സ്ഥാനക്കാരാണ്. ലോകകപ്പില്‍ ഇതുവരെ ഒരു മത്സരം മാത്രം ജയിച്ച ബംഗ്ലാദേശ്, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്‌സ് ടീമുകളാണ് അഫ്‌ഗാന് പിന്നിലായി പോയിന്‍റ് പട്ടികയിലെ അവസാന മൂന്ന് സ്ഥാനങ്ങളില്‍.

Also Read :Australia vs New Zealand Matchday Preview: ഓസീസും കിവീസും നേര്‍ക്കുനേര്‍; ധര്‍മ്മശാലയില്‍ 'അയല്‍ക്കാരുടെ ക്ലാസിക് പോര്'

ABOUT THE AUTHOR

...view details