മുംബൈ :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഒരു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം പോയിന്‍റ് പട്ടികയില്‍ (Cricket World Cup 2023 Points Table) ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. കരുത്തരായ ദക്ഷിണാഫ്രിക്കയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പോയിന്‍റ് പട്ടികയില്‍ ടീം ഇന്ത്യ വീണ്ടും തലപ്പത്തേക്ക് എത്തിയത്. കളിച്ച ഏഴ് മത്സരവും ജയിച്ച ഇന്ത്യയ്‌ക്ക് ഇപ്പോള്‍ 14 പോയിന്‍റാണ് ഉള്ളത്.
വാങ്കഡെയില്‍ ശ്രീലങ്കയെ 302 റണ്‍സിനായിരുന്നു രോഹിത് ശര്‍മയും സംഘവും പരാജയപ്പെടുത്തിയത്. ഈ ജയത്തോടെ നെറ്റ് റണ്‍ റേറ്റ് മെച്ചപ്പെടുത്താനും ഇന്ത്യയ്‌ക്കായി. നിലവില്‍ 2.102 ആണ് ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ്. ലോകകപ്പില്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്ക കഴിഞ്ഞാല്‍ മികച്ച നെറ്റ് റണ്‍ റേറ്റുള്ള രണ്ടാമത്തെ ടീം ഇന്ത്യയാണ്.
തുടര്‍ച്ചയായ ഏഴാം ജയത്തോടെ ലോകകപ്പ് സെമി ഫൈനലില്‍ എത്തുന്ന ആദ്യ ടീമായും ഇന്ത്യ മാറി. ഇനി ശേഷിക്കുന്ന മൂന്ന് സ്ഥനാങ്ങളില്‍ ഫിനിഷ് ചെയ്യുന്നതിനാകും മറ്റ് ടീമുകളുടെ ശ്രമം. അതേസമയം, ഇന്ത്യയ്‌ക്കെതിരായ വമ്പന്‍ തോല്‍വി ശ്രീലങ്കയ്‌ക്കും ലോകകപ്പില്‍ നിന്നും പുറത്തേക്കുള്ള വഴി തുറന്നിട്ടുണ്ട്.
ഏഴ് കളിയില്‍ രണ്ട് ജയം മാത്രമുള്ള ലങ്ക നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ഇനി ശേഷിക്കുന് രണ്ട് മത്സരങ്ങള്‍ ജയിച്ചാലും സെമിയിലേക്ക് എത്താന്‍ വിദൂര സാധ്യത മാത്രമാണ് അവര്‍ക്കുള്ളത്. സെമി സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ച നെതര്‍ലന്‍ഡ്‌സ്, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകളാണ് പോയിന്‍റ് പട്ടികയില്‍ ഏറെ പിന്നില്‍.
മൂന്ന് സ്ഥാനത്തിനായി അഞ്ച് ടീമുകള്‍ : ഇന്ത്യ സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ച സാഹചര്യത്തില്‍ ആദ്യ നാലില്‍ ശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങള്‍ക്കായി പോരാട്ടം കനക്കുമെന്നുറപ്പ്. നിലവില്‍ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്‌ക്ക് ഏഴ് മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റാണ് ഉള്ളത്. 2.290 എന്ന മികച്ച നെറ്റ് റണ്‍ റേറ്റുള്ള അവര്‍ക്ക് ഇനി ശേഷിക്കുന്ന രണ്ട് കളികളില്‍ ഒരു ജയം നേടാനായാല്‍ സെമി ഉറപ്പിക്കാം.
പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാര്‍ ഓസ്‌ട്രേലിയ ആണ്. ആറ് മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്‍റാണ് കങ്കാരുപ്പടയ്‌ക്കു സ്വന്തമായുള്ളത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ജയം നേടാനായാല്‍ ഓസ്‌ട്രേലിയക്കും സെമിയില്‍ സ്ഥാനം പിടിക്കാം.
നിലവില്‍ ന്യൂസിലന്‍ഡാണ് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ഏഴ് മത്സരങ്ങളില്‍ നാല് ജയം നേടിയ കിവീസിന് എട്ട് പോയിന്‍റാണുള്ളത്. സെമി ഉറപ്പിക്കാന്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയം കിവീസിന് അനിവാര്യമാണ്.
പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍ ടീമുകളാണ് പോയിന്‍റ് പട്ടികയില്‍ അഞ്ച്, ആറ് സ്ഥാനങ്ങളില്‍. ഇരു ടീമിനും ആറ് പോയിന്‍റാണ് ഉള്ളതെങ്കിലും മികച്ച നെറ്റ് റണ്‍ റേറ്റ് പാകിസ്ഥാനാണ്. അതേസമയം, പാകിസ്ഥാനെക്കാള്‍ ഒരു മത്സരം കുറച്ച് കളിച്ച അഫ്‌ഗാന് ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം വിജയിക്കാനായാല്‍ സെമി സാധ്യത നിലനിര്‍ത്താം. എന്നാല്‍, ജയത്തോടൊപ്പം മറ്റ് മത്സരങ്ങളുടെ ഫലത്തെയും ആശ്രയിച്ചാണ് പാകിസ്ഥാന്‍റെ സെമി ഫൈനല്‍ സാധ്യതകള്‍.
Also Read :'ഷമി കാ ഹുക്കും...' ലോകകപ്പില്‍ വിക്കറ്റ് വേട്ടയ്‌ക്കൊപ്പം മുഹമ്മദ് ഷമിയുടെ റെക്കോഡ് വേട്ടയും