ഹൈദരാബാദ്: ഏകദിന ലോകകപ്പിലെ (Cricket World Cup 2023) രണ്ടാം മത്സരത്തിനായി പാകിസ്ഥാനും ശ്രീലങ്കയും ഇന്നിറങ്ങും (Pakistan vs Sri Lanka). ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം (Pakistan vs Sri Lanka Match Venue and Time). ലോകകപ്പിലെ ആദ്യ ജയത്തിനായി ശ്രീലങ്ക ഇറങ്ങുമ്പോള്‍ ജയത്തുടര്‍ച്ചയാണ് പാകിസ്ഥാന്‍റെ ലക്ഷ്യം.
ലോകകപ്പ് ചരിത്രത്തില്‍ ഇരു ടീമും മുഖാമുഖം വരുന്ന ഒന്‍പതാമത്തെ മത്സരമാണിത്. ഇതിന് മുന്‍പ് തമ്മിലേറ്റുമുട്ടിയ മത്സരങ്ങളില്‍ ഏഴ് എണ്ണത്തിലും പാകിസ്ഥാന്‍ ജയിച്ചപ്പോള്‍ ഒരു മത്സരം ഉപേക്ഷിക്കുകയായിരുന്നു.
ഇക്കുറി ലോകകപ്പില്‍ ആദ്യം കളത്തിലിറങ്ങിയ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെയാണ് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയത്. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 81 റണ്‍സിനായിരുന്നു പാക് പടയുടെ ജയം. പേസര്‍മാരായ ഹാരിസ് റൗഫിന്‍റെയും ഹസന്‍ അലിയുടെയും പ്രകടനമായിരുന്നു ഡച്ച് പടയുടെ വെല്ലുവിളിയെ മറികടക്കാന്‍ പാകിസ്ഥാനെ സഹായിച്ചത്.
നായകന്‍ ബാബര്‍ അസമിന്‍റെ ബാറ്റിങ് പ്രകടനമാണ് പാകിസ്ഥാന് നിലവില്‍ ആശങ്ക. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനും സൗദ് ഷക്കീലും മധ്യനിരയില്‍ റണ്‍സടിക്കുന്നത് അവര്‍ക്ക് ആശ്വാസമാണ്. ആദ്യ മത്സരത്തിലേത് പോലെ തന്നെ ബൗളര്‍മാര്‍ ഇന്നും മികവ് കാട്ടുമെന്നാണ് പാക് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.
ദക്ഷിണാഫ്രിക്കയോട് 102 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി വഴങ്ങിയാണ് ശ്രീലങ്കയുടെ വരവ്. ആദ്യ മത്സരത്തില്‍ തല്ലുവാങ്ങി കൂട്ടിയ ബൗളര്‍മാര്‍ മികവിലേക്ക് ഉയര്‍ന്നാലെ അവര്‍ക്ക് പ്രതീക്ഷയ്‌ക്ക് വകയുള്ളൂ. ബാറ്റിങ്ങില്‍ പാതും നിസ്സങ്കയും സദീര സമരവിക്രമയും താളം കണ്ടത്തേണ്ടതുണ്ട്.
ലോകകപ്പ് ചരിത്രത്തില്‍ പാകിസ്ഥാനെതിരെ ആദ്യ ജയമാണ് ലങ്കയുടെ ലക്ഷ്യം. അതേസമയം, അടുത്തിടെ ഏഷ്യ കപ്പില്‍ പാകിസ്ഥാനെ തകര്‍ക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാകും ശ്രീലങ്ക ഇന്ന് ലോകകപ്പിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്.
ഏകദിന ലോകകപ്പ് 2023 പാകിസ്ഥാന്‍ സ്ക്വാഡ്(Cricket World Cup 2023 Pakistan Squad):ഫഖർ സമാൻ, അബ്‌ദുള്ള ഷഫീഖ്, ബാബർ അസം (ക്യാപ്‌റ്റന്‍), മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീൽ, ഷദാബ് ഖാൻ, ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഘ, മുഹമ്മദ് നവാസ്, ഇഫ്തിഖർ അഹമ്മദ്, ഹാരിസ് റൗഫ്, ഷഹീൻ അഫ്രിദി, ഉസാമ മിർ, ഹസൻ അലി, മുഹമ്മദ് വസീം.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ശ്രീലങ്ക സ്ക്വാഡ് (Cricket World Cup 2023 Sri Lanka Squad):കുശാല്‍ പെരേര, കുശാല്‍ മെൻഡിസ് (വൈസ് ക്യാപ്‌റ്റന്‍), പാതും നിസ്സങ്ക, ലഹിരു കുമാര, സദീര സമരവിക്രമ, ചരിത് അസലങ്ക, ദസുൻ ഷനക (ക്യാപ്‌റ്റന്‍), ദിമുത് കരുണരത്‌നെ, മഹീഷ് തീക്ഷണ, ധനഞ്ജയ ഡി സിൽവ, ദുനിത് വെല്ലലഗെ, മതീഷ പതിരണ, ദില്‍ഷന്‍ മധുശനക, ദുഷൻ ഹേമന്ത, കസുൻ രജിത
Also Read :South Africa Cricket Team ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ പതാക പാറില്ല; വാഡ ഉപരോധം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്