കൊല്‍ക്കത്ത:ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ജീവന്‍മരണപ്പോരാട്ടത്തിനായി പാകിസ്ഥാന്‍ ഇന്ന് (ഒക്‌ടോബര്‍ 31) ഇറങ്ങും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്‌ക്ക് രണ്ടിന് ആരംഭിക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് പാകിസ്ഥാന്‍റെ എതിരാളികള്‍ (Pakistan vs Bangladesh). സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തുന്നതിന് പാകിസ്ഥാന് ഏറെ നിര്‍ണായകമാണ് ഇന്നത്തെ മത്സരം.
ആറ് മത്സരങ്ങളില്‍ നാല് പോയിന്‍റുള്ള പാകിസ്ഥാന്‍ നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. പോയിന്‍റ് പട്ടികയിലെ നില മെച്ചപ്പെടുത്തുന്നതിന് ഇന്ന് വമ്പന്‍ മാര്‍ജിനിലുള്ള ജയമായിരിക്കും പാക് പട ലക്ഷ്യമിടുന്നത്. ബംഗ്ലാദേശിനെ തകര്‍ത്താലും മറ്റ് ടീമുകളുടെ മത്സരഫലത്തെ കൂടി ആശ്രയിച്ചാകും പാകിസ്ഥാന് മുന്നേറാനുള്ള വഴി തുറക്കുക.
ലോകകപ്പിലെ ആദ്യ രണ്ട് മത്സരവും ജയിച്ച പാകിസ്ഥാന് തിരിച്ചടിയേറ്റത് അവസാന നാല് മത്സരങ്ങളിലാണ്. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഒരു വിക്കറ്റിനായിരുന്നു പാകിസ്ഥാന്‍ പരാജയപ്പെട്ടത്. താരങ്ങളുടെ സ്ഥിരതയില്ലായ്‌മയാണ് ഇക്കുറി ബാബര്‍ അസമിനും സംഘത്തിനും തിരിച്ചടിയായിരിക്കുന്നത്.
നായകന്‍ ബാബര്‍ അസം ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് പാകിസ്ഥാന് വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ബൗളിങ്ങിലും ഇത് തന്നെയാണ് അവസ്ഥ. ഹാരിസ് റൗഫ് റണ്‍സ് വഴങ്ങുന്നതും നിര്‍ണായക ഘട്ടങ്ങളില്‍ ഷഹീന്‍ ഷാ അഫ്രീദി മികവിലേക്ക് ഉയരാത്തതും പാക് മുന്നേറ്റങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.