ചെന്നൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) വിജവഴിയില്‍ തിരിച്ചെത്താന്‍ പാകിസ്ഥാന്‍ (Pakistan) ഇന്ന് (ഒക്ടോബര്‍ 23) ഇറങ്ങും. അയല്‍ക്കാരായ അഫ്‌ഗാനിസ്ഥാനാണ് (Afghanistan) ബാബര്‍ അസമിന്‍റെയും (Babar Azam) കൂട്ടരുടെയും എതിരാളികള്‍. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത് (Pakistan vs Afghanistan Match Details). സ്‌പിന്നിനെ തുണയ്‌ക്കുന്ന ചെപ്പോക്കില്‍ അഫ്‌ഗാനെതിരെ പാകിസ്ഥാന്‍ ഏത് തന്ത്രം പയറ്റുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
തുടര്‍ച്ചയായ രണ്ട് തോല്‍വികളും ഏറ്റുവാങ്ങിയാണ് പാക് പടയുടെ വരവ്. കളിച്ച നാല് കളികളില്‍ രണ്ട് ജയം മാത്രം നേടാനായ പാകിസ്ഥാന്‍ നാല് പോയിന്‍റുമായി നിലവില്‍ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള ഓരോ മത്സരവും അവര്‍ക്ക് നിര്‍ണായകമാണ്.
നായകന്‍ ബാബര്‍ അസം റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതാണ് പാകിസ്ഥാന്‍റെ പ്രധാന തലവേദന. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനിലാണ് ഇപ്പോള്‍ അവരുടെ റണ്‍സ് പ്രതീക്ഷകള്‍. നാല് കളികളില്‍ നിന്നും റിസ്‌വാന്‍ ഇതുവരെ 294 റണ്‍സ് നേടിയിട്ടുണ്ട്.
ബാറ്റര്‍മാര്‍ മികവ് കാട്ടിയില്ലെങ്കില്‍പ്പോലും പാക് നിരയെ പലപ്പോഴും രക്ഷിച്ചിരുന്നത് ബൗളര്‍മാരാണ്. എന്നാല്‍, ഇക്കുറി അവരുടെ ബൗളര്‍മാര്‍ക്കും മികവിലേക്ക് എത്താനായിട്ടില്ല. ഓസ്‌ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രീദിയുടെ പ്രകടനം പ്രതീക്ഷയോടെയാണ് പാകിസ്ഥാന്‍ ഉറ്റുനോക്കുന്നത്.