ഹൈദരാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) കുതിപ്പ് തുടരാന്‍ ന്യൂസിലന്‍ഡ് ഇറങ്ങുന്നു. ടൂര്‍ണമെന്‍റില്‍ ആദ്യ ജയം ലക്ഷ്യമിടുന്ന നെതര്‍ലന്‍ഡ്‌സാണ് ഇന്ന് നടക്കുന്ന മത്സരത്തില്‍ കിവീസിന്‍റെ എതിരാളികള്‍ (New Zealand vs Netherlands). ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ന്യൂസിലന്‍ഡ് നെതര്‍ലന്‍ഡ് മത്സരം ആരംഭിക്കുന്നത് (New Zealand vs Netherlands Match Details).
ഇരു ടീമിന്‍റെയും രണ്ടാമത്തെ മത്സരമാണിത്. ആദ്യ കളിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 9 വിക്കറ്റിന് തകര്‍ക്കാന്‍ ന്യൂസിലന്‍ഡിന് സാധിച്ചിരുന്നു. മറുവശത്ത് പാകിസ്ഥാനോട് 81 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയാണ് ഓറഞ്ച് പട കിവീസിനെ നേരിടാനിറങ്ങുന്നത്.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ എല്ലാ മേഖലയിലും മികവ് കാട്ടിയാണ് ന്യൂസിലന്‍ഡ് ജയം പിടിച്ചത്. രചിന്‍ രവീന്ദ്രയുടെയും ഡെവോണ്‍ കോണ്‍വെയുടെയും സെഞ്ച്വറികളായിരുന്നു കിവീസിന് അനായാസ ജയമൊരുക്കി നല്‍കിയതും. കെയ്‌ന്‍ വില്യംസണിന്‍റെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയായിരുന്നു രചിന്‍ രവീന്ദ്ര സെഞ്ച്വറി നേടിയത്. അതേസമയം, ഇന്നും നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ഇല്ലാതെയാകും ന്യൂസിലന്‍ഡ് ഇറങ്ങുന്നത്.
ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെയാകും താരം ടീമിലേക്ക് മടങ്ങിയെത്തുക എന്ന് ടീമിന്‍റെ പരിശീലകന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കളിക്കാതിരുന്ന ലോക്കി ഫെര്‍ഗൂസണ്‍ ഇന്ന് കിവീസ് നിരയിലേക്ക് മടങ്ങിയെത്താനാണ് സാധ്യത. ഫെര്‍ഗൂസണ്‍ കൂടി ടീമിലേക്ക് എത്തുന്നതോടെ കിവീസിന്‍റെ ബൗളിങ്ങിന് കൂടുതല്‍ മൂര്‍ച്ചയേറും.