മുംബൈ :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ടീം ഇന്ത്യയുടെ ആധിപത്യം പുതിയൊരു തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. പ്രാഥമിക റൗണ്ടില്‍ കളിച്ച 9 മത്സരവും ജയിച്ചെത്തിയ ഇന്ത്യയ്‌ക്ക് അതേ മേധാവിത്വം കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെയും ആവര്‍ത്തിക്കാനായി. പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനക്കാരിയ ലോകകപ്പ് സെമിയിലേക്ക് എത്തിയ കിവീസിനെ 70 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത് (India vs New Zealand Match Result).
വാങ്കഡെയില്‍ ടോസ് നേടി ന്യൂസിലന്‍ഡിനെതിരെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നേടിയത് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 397 റണ്‍സ്. രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍ എന്നിവര്‍ നല്‍കിയ വെടിക്കെട്ട് തുടക്കവും വിരാട് കോലിയുടെ 50-ാം ഏകദിന സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ ശതകവും ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ മാറ്റ് കൂട്ടി. രണ്ടാം പകുതിയില്‍ ഏഴ് വിക്കറ്റുമായി ഇന്ത്യന്‍ ജയത്തില്‍ ഹീറോയായത് മുഹമ്മദ് ഷമി.
12 വര്‍ഷത്തിന് ശേഷം ഇന്ത്യ ആദ്യമായി സെമി ഫൈനല്‍ ഉറപ്പിച്ച മത്സരത്തിന് ശേഷം കൂടുതലായി ആഘോഷിക്കപ്പെടുന്നത് മുഹമ്മദ് ഷമിയുടെയും വിരാട് കോലിയുടെയും പേരുകള്‍. എന്നാല്‍, ഇക്കാര്യത്തില്‍ ഇംഗ്ലണ്ട് മുന്‍ താരം നാസര്‍ ഹുസൈന് മറ്റൊരു അഭിപ്രായമാണ് ഉള്ളത്. ഇന്ത്യയുടെ ലോകകപ്പ് ജയങ്ങള്‍ക്ക് പിന്നില്‍ നിര്‍ണായകമായത് നായകന്‍ രോഹിത് ശര്‍മയുടെ പ്രകടനങ്ങളാണെന്നാണ് നാസര്‍ ഹുസൈന്‍റെ അഭിപ്രായം.
'മത്സരത്തിന് ശേഷം പ്രധാന തലക്കെട്ടുകളെല്ലാം വിരാട് കോലിയേയും മുഹമ്മദ് ഷമിയേയും ശ്രേയസ് അയ്യരെയും കുറിച്ചായിരിക്കും സംസാരിക്കുന്നത്. എന്നാല്‍, ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ഥ ഹീറോ ടീമിന്‍റെ കളി ശൈലിയെ തന്നെ മാറ്റി മറിച്ച രോഹിത് ശര്‍മയാണ്. ഇന്നത്തെ ഹീറോ രോഹിത് ആണെന്നാണ് ഞാന്‍ കരുതുന്നത്.