ഹൈദരാബാദ് :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) നേര്‍ക്കുനേര്‍ പോരിനിറങ്ങുന്ന മത്സരത്തിന്‍റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഈ ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാം ജയം തേടി ഇന്ത്യയും പാകിസ്ഥാനും ഇറങ്ങുമ്പോള്‍ തീപാറും പോരാട്ടമാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
അഹമ്മദാബാദില്‍ പാകിസ്ഥാനെ നേരിടാന്‍ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ്ങിലാണ്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ തകര്‍ത്ത മത്സരത്തില്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ ബാറ്റിങ്ങിന്‍റെ നട്ടെല്ലായത് രോഹിത് ശര്‍മയായിരുന്നു. ഈ ലോകകപ്പിലും നിലവില്‍ ഇന്ത്യന്‍ നായകന്‍ മിന്നും ഫോമിലാണ്.
ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നിറം മങ്ങിയെങ്കിലും രണ്ടാമത്തെ കളിയില്‍ അഫ്‌ഗാനിസ്ഥാനെതിരെ സെഞ്ച്വറി നേടി രോഹിത് ബാറ്റിങ്ങില്‍ താളം കണ്ടെത്തിയിരുന്നു. ഡല്‍ഹിയില്‍ അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 131 റണ്‍സായിരുന്നു രോഹിത് അടിച്ചുകൂട്ടിയത്. ടി20 ശൈലിയിലായിരുന്നു ഈ മത്സരത്തില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ്.
15 വര്‍ഷത്തിലധികമായുള്ള കരിയറില്‍ ഷോട്ട് സെലക്ഷന്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുള്ള ബാറ്ററാണ് രോഹിത് ശര്‍മയെന്ന് മുന്‍ ഇന്ത്യന്‍ താരം ലാല്‍ചന്ദ് രജ്‌പുത് (Lalchand Rajput) ഇടിവി ഭാരതിനോട് പറഞ്ഞു. 'ഒരുപാട് താരങ്ങളുടെ ഷോട്ട് സെലക്ഷന്‍ മെച്ചപ്പെടുകയും അവര്‍ കൂടുതല്‍ പോസിറ്റീവായി കളിക്കാന്‍ തുടങ്ങിയതും ടി20 ഫോര്‍മാറ്റിലൂടെയാണ്. വളരെ കഴിവുറ്റ ഒരു ബാറ്ററാണ് രോഹിത് ശര്‍മ.