മുംബൈ :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) വിജയക്കുതിപ്പ് തുടരാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും (നവംബര്‍ 2). സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ പോരടിക്കുന്ന ശ്രീലങ്കയാണ് എതിരാളി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം (India vs Sri Lanka).
ലോകകപ്പില്‍ അപരാജിത കുതിപ്പ് നടത്തുന്ന ഇന്ത്യ തുടര്‍ച്ചയായ ഏഴാം ജയം ലക്ഷ്യമിട്ടാണ് ലങ്കയെ നേരിടാന്‍ ഇറങ്ങുന്നത്. കളിച്ച ആറ് മത്സരവും ജയിച്ച് പോയിന്‍റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ടീം ഇന്ത്യ (India Rank In Cricket World Cup Points Table). ഇന്നത്തേത് ഉള്‍പ്പടെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മാത്രം മതി രോഹിത് ശര്‍മയ്‌ക്കും (Rohit Sharma) സംഘത്തിനും ലോകകപ്പ് സെമി ഫൈനലുറപ്പിക്കാന്‍.
ശ്രേയസ് അയ്യര്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്നതൊഴിച്ചാല്‍ കാര്യമായ തലവേദനയൊന്നും നിലവില്‍ ടീം ഇന്ത്യയ്‌ക്കില്ല. ബാറ്റര്‍മാരും ബൗളര്‍മാരും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് ടീമിനായി പുറത്തെടുക്കുന്നത്. നായകന്‍ രോഹിത് ശര്‍മയാണ് ബാറ്റിങ്ങില്‍ കരുത്തന്‍.
ആറ് മത്സരങ്ങളില്‍ നിന്നും 398 റണ്‍സ് നേടാന്‍ ഇന്ത്യന്‍ നായകന് സാധിച്ചിട്ടുണ്ട്. പിന്നീട് എത്തുന്ന വിരാട് കോലിയും, കെഎല്‍ രാഹുലും, സൂര്യകുമാര്‍ യാദവുമെല്ലാം അവസരത്തിനൊത്ത് ഉയരുന്നത് ടീമിന് ആശ്വാസമാണ്. ബൗളിങ്ങിലും ടീം ഇന്ത്യ സെറ്റാണ്.
ജസ്‌പ്രീത് ബുംറ നയിക്കുന്ന പേസ് യൂണിറ്റില്‍ മുഹമ്മദ് ഷമിയാണ് കൂടുതല്‍ അപകടകാരി. ഈ ലോകകപ്പില്‍ ആകെ രണ്ട് മത്സരം മാത്രം കളിച്ച ഷമി 9 വിക്കറ്റ് ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജിന്‍റെ പ്രകടനത്തില്‍ മാത്രമാണ് ടീമിന് ആശങ്കയുള്ളത്.