ധര്‍മ്മശാല :ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ഇന്ന് സൂപ്പര്‍ സണ്‍ഡേയാണ്. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ ന്യൂസിലന്‍ഡും ഇന്ത്യയും (New Zealand vs India) മുഖാമുഖം എത്തുമ്പോള്‍ ആവേശം നിറഞ്ഞ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടിനാണ് ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം ആരംഭിക്കുന്നത്.
ദക്ഷിണാഫ്രിക്കയും നെതര്‍ലന്‍ഡ്സും തമ്മില്‍ ഏറ്റുമുട്ടിയ മത്സരമാണ് ധര്‍മ്മശാലയില്‍ അവസാനം നടന്നത്. മഴമൂലം 43 ഓവറാക്കി വെട്ടിച്ചുരുക്കിയ ഈ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 38 റണ്‍സിന്റെ ജയം സ്വന്തമാക്കാന്‍ നെതര്‍ലന്‍ഡ്സിനായി. അതേസമയം, ഇന്നത്തെ ന്യൂസിലന്‍ഡ് ഇന്ത്യ കളര്‍ഫുള്‍ മത്സരത്തേയും മഴ ബാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
മേഘാവൃതമായ അന്തരീക്ഷത്തിലായിരിക്കും ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം ആരംഭിക്കുക എന്നാണ് കാലാവസ്ഥ പ്രവചനം. ധര്‍മ്മശാലയില്‍ രണ്ടാം ഇന്നിങ്സില്‍ രസം കൊല്ലിയായി മഴയെത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാത്രിയോടെയാണ് മഴയ്ക്ക് സാധ്യത (India vs New Zealand Dharamshala Weather Report).
പേസര്‍മാര്‍ക്ക് വേണ്ടത്ര സഹായം ലഭിക്കുന്ന പിച്ചാണ് ധര്‍മ്മശാലയിലേത്. അവസാന 10 മത്സരങ്ങളില്‍ ധര്‍മ്മശാലയിലെ ശരാശരി ഒന്നാം ഇന്നിങ്സ് സ്കോര്‍ 254 റണ്‍സാണ്. ചേസിങ്ങില്‍ 57 ശതമാനം വിജയ സാധ്യതയുണ്ടെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ടോസ് നേരിടുന്ന ടീം ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യത (Dharamshala Pitch Report).