ലഖ്‌നൗ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ജൈത്രയാത്ര തുടരുകയാണ് ടീം ഇന്ത്യ (Team India). കളിച്ച അഞ്ച് മത്സരവും ജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കാനും രോഹിത് ശര്‍മയ്‌ക്കും (Rohit Sharma) സംഘത്തിനും സാധിച്ചിട്ടുണ്ട് (Cricket World Cup 2023 Points Table). ഇംഗ്ലണ്ടിനെതിരായ അടുത്ത മത്സരവും ജയിച്ച് സെമി ഫൈനല്‍ ബെര്‍ത്തിനോട് ഒരുപടി കൂടി അടുക്കാനാണ് നിലവില്‍ ടീമിന്‍റെ ശ്രമം.
അവസാന മത്സരത്തില്‍ കരുത്തരായ ന്യൂസിലന്‍ഡിനെതിരെ നാല് വിക്കറ്റിന്‍റെ ജയമായിരുന്നു ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. വരുന്ന ഞായറാഴ്‌ചയാണ് (ഒക്ടോബര്‍ 29) ലോകകപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം. ലഖ്‌നൗവിലെ ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം നടക്കുന്നത്.
പ്ലേയിങ് ഇലവനില്‍ മാറ്റം ഉറപ്പ്:സ്ലോ ബൗളര്‍മാരുടെ പറുദീസയാണ് ലഖ്‌നൗവിലെ ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയം. ഇവിടെ നിന്നും സ്‌പിന്നര്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കാനാണ് സാധ്യത. ഈ സാഹചര്യം കണക്കിലെടുത്ത് മൂന്ന് സ്‌പിന്നര്‍മാരുമായിട്ടായിരിക്കും ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ഇറങ്ങുന്നത്.
ചെന്നൈയില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നീ മൂന്ന് സ്‌പിന്നര്‍മാരും ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ അശ്വിന്‍ ഒഴികെയുള്ള രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് കളിക്കാന്‍ അവസരം കിട്ടിയത്.