ലഖ്‌നൗ :ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇടവേള കഴിഞ്ഞ് ഇന്ത്യ വീണ്ടും കളത്തിലേക്ക്. ഇന്ന് (ഒക്‌ടോബര്‍ 29) ലഖ്‌നൗവില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് എതിരാളി. ഉച്ചയ്‌ക്ക് രണ്ട് മണി മുതലാണ് കളി ആരംഭിക്കുക.
ടൂര്‍ണമെന്‍റില്‍ തങ്ങളുടെ ആറാം മത്സത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഇതേവരെ കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ച ഇന്ത്യ തുടര്‍ച്ചയായ ആറാം വിജയമാണ് ലക്ഷ്യം വയ്‌ക്കുന്നത്. നിലവിലെ പോയിന്‍റ് പട്ടികയില്‍ 10 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.
ആറ് മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റുള്ള ദക്ഷിണാഫ്രിക്ക നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യയെ രണ്ടാമതാക്കിയത്. ഇതോടെ ലഖ്‌നൗവില്‍ കളി പിടിച്ചാല്‍ ഇന്ത്യയ്‌ക്ക് വീണ്ടും തലപ്പത്ത് എത്താം (Cricket World Cup 2023 Points Table).
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) ഇംഗ്ലണ്ടിനെതിരെയും കളിച്ചേക്കില്ല. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ച അവസാന മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റത്തിന് സാധ്യതയുണ്ട്. അഞ്ച് ബാറ്റര്‍മാരുമായും അഞ്ച് ബോളര്‍മാരുമായും തന്നെയാവും ഇന്ത്യ കളിക്കുക.
ബാറ്റിങ് യൂണിറ്റില്‍ അഴിച്ചുപണിയുണ്ടാവില്ല. ശുഭ്‌മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരാവും ബാറ്റിങ് യൂണിറ്റ് കൈകാര്യം ചെയ്യുക. എന്നാല്‍, സ്‌പിന്നിനെ പിന്തുണയ്‌ക്കുന്ന ലഖ്‌നൗവില്‍ മൂന്ന് സ്‌പിന്നര്‍മാരെ കളിപ്പിക്കാന്‍ മാനേജ്‌മെന്‍റ് തീരുമാനിച്ചാല്‍ ആര്‍ അശ്വിന്‍ വീണ്ടും പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും.
ന്യൂസിലന്‍ഡിനെതിരെ അഞ്ച് വിക്കറ്റുമായി തിളങ്ങിയ മുഹമ്മദ് ഷമിയെ ഒഴിവാക്കാന്‍ മാനേജ്‌മെന്‍റ് തയാറുവമോയെന്ന് കണ്ട് തന്നെ അറിയണം. ഷമി സ്ഥാനം നിലനിര്‍ത്തുകയാണെങ്കില്‍ മുഹമ്മദ് സിറാജിനാവും പുറത്തിരിക്കേണ്ടി വരിക. ഇതോടെ കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ സ്‌പിന്നര്‍മാരായെത്തുമ്പോള്‍ ജസ്‌പ്രീത് ബുംറയും മുഹമ്മദ് ഷമിയുമായിരിക്കും പേസ് ആക്രമണം നയിക്കുക.
മറുവശത്ത് ലോകകപ്പ് സെമി ഫൈനല്‍ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ച നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് നാണക്കേട് ഒഴിവാക്കാന്‍ ഇന്ന് ജയം അനിവാര്യമാണ്. നിലവില്‍ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഇംഗ്ലണ്ട്. കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ത്രീ ലയണ്‍സിന്‍റെ അക്കൗണ്ടില്‍.
ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് (Cricket World Cup 2023 India Squad): രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഇംഗ്ലണ്ട് സ്ക്വാഡ്(Cricket World Cup 2023 England Squad): ജോണി ബെയർസ്‌റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), ബെൻ സ്‌റ്റോക്‌സ്, ലിയാം ലിവിങ്‌സ്‌റ്റണ്‍, മൊയീൻ അലി, സാം കറൻ, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, ഗസ് അറ്റ്കിൻസൺ, ബ്രൈഡൻ കാർസി, മാർക്ക് വുഡ്, ആദിൽ റഷീദ്.
Also Read:Cricket World Cup 2023 Middle Over Performance: പവര്‍ പ്ലേയ്‌ക്കും ഡെത്ത് ഓവറിനുമിടയില്‍ എന്ത് നടക്കുന്നുവോ അതാണ് മത്സര ജയം...