ചെന്നൈ :രാജ്യത്തിന്‍റെ വിവിധ കോണുകളിലെ പത്ത് ഇടങ്ങളിലായി പുരോഗമിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ആദ്യ മത്സരത്തിനായി ടീം ഇന്ത്യ (Team India) ഇന്ന് (ഒക്‌ടോബര്‍ 8) ഇറങ്ങും. ലോക ക്രിക്കറ്റിലെ കരുത്തരായ ഓസ്‌ട്രേലിയ (Australia) ആണ് ഇന്ത്യയുടെ എതിരാളികള്‍. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരത്തിന്‍റെ തുടക്കം (India vs Australia Match Time).
സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടം മാത്രം ലക്ഷ്യമിട്ടാണ് രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തില്‍ ടീം ഇന്ത്യ ഇറങ്ങുന്നത്. ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ വമ്പന്‍ താരനിരയുമായിട്ടാണ് ഇക്കുറി ലോകകപ്പിന് കച്ചകെട്ടിയിറങ്ങുന്നത്. സീനിയര്‍ താരങ്ങളായ നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്കൊപ്പം ലോകക്രിക്കറ്റിലേക്ക് ഇതിനോടകം തന്നെ വരവറിയിച്ചിട്ടുള്ള യുവതാരങ്ങളും ചേരുമ്പോള്‍ ഇന്ത്യ കപ്പുയര്‍ത്തുമെന്ന് തന്നെയാണ് ആരാധകരുടെയും പ്രതീക്ഷ.
2023 ഏകദിന ലോകകപ്പിലേക്കുള്ള തയാറെടുപ്പുകള്‍ കൃത്യമായി തന്നെ പൂര്‍ത്തിയാക്കിയാണ് ടീം ഇന്ത്യ കളിക്കാനിറങ്ങുന്നത്. എന്നാല്‍, ഇന്ന് ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയെ വലയ്‌ക്കുന്നത് ശുഭ്‌മാന്‍ ഗില്ലിന്‍റെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ചെന്നൈയിലെത്തിയ ശേഷം ഡെങ്കിപ്പനി സ്ഥിരീകരിച്ച താരത്തിന് ഓസ്‌ട്രേലിയക്കെതിരായ മത്സരം നഷ്‌ടമായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഗില്‍ കളിക്കാന്‍ റെഡിയല്ലെങ്കില്‍ ഇഷാന്‍ കിഷനാകും ഇന്ന് നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരില്‍ ഒരാള്‍ ഇടം കണ്ടെത്താനാണ് സാധ്യത. ചെപ്പോക്കിലേത് സ്‌പിന്നിനെ തുണയ്‌ക്കുന്ന പിച്ചായതുകൊണ്ട് തന്നെ ഇന്ന് മൂന്ന് സ്‌പിന്നര്‍മാരും പ്ലേയിങ് ഇലവനിലേക്ക് എത്താനാണ് സാധ്യത.
ലോകകപ്പ് പോരാട്ടങ്ങളില്‍ എല്ലാകാലത്തും 'ഹോട് ഫേവറിറ്റ്‌സുകളാണ്' ഓസ്‌ട്രേലിയ. ഇക്കുറിയും അതിന് മാറ്റമൊന്നുമില്ല. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍ ഉള്‍പ്പടെയുള്ള വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്.