അഹമ്മദാബാദ് :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) മൂന്നാം കിരീടത്തിന് തൊട്ടരികിലാണ് ടീം ഇന്ത്യ. ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ തോല്‍പ്പിക്കാനായാല്‍ പത്ത് വര്‍ഷത്തോളമായുള്ള കിരീട വരള്‍ച്ചയ്‌ക്കും അറുതി വരുത്താന്‍ ടീം ഇന്ത്യയ്‌ക്ക് സാധിക്കും. നാളെ (നവംബര്‍ 19) അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന കലാശപ്പോരാട്ടം ആരംഭിക്കുന്നത്.
ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ഈ ലോകകപ്പിന്‍റെ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്‌ത് എത്തിയത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് തുടങ്ങിയ തേരോട്ടത്തിന് പൂട്ടിടാന്‍ പിന്നാലെ എത്തിയ ഒരു ടീമുകള്‍ക്കും സാധിച്ചില്ല. ഇതേ പ്രകടനം ഫൈനലിലും ആവര്‍ത്തിച്ച് ഇന്ത്യ ലോക കിരീടം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകരും.
വലിയ പ്രതീക്ഷകള്‍ക്കിടയിലും ടീം ഇന്ത്യയേയും ആരാധകരെയും ആശങ്കയിലാഴ്‌ത്തുന്ന പ്രധാന കാര്യം ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ ചരിത്രമാണ്. ഇന്ത്യയ്‌ക്കെതിരെ വ്യക്തമായ ആധിപത്യം തന്നെ ഈ കണക്കില്‍ കങ്കാരുപ്പടയ്‌ക്ക് ഉണ്ട്. 13 മത്സരം തമ്മിലേറ്റുമുട്ടിയപ്പോള്‍ അതില്‍ എട്ട് ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ഇന്ത്യയാകട്ടെ ജയിച്ചത് അഞ്ച് മത്സരങ്ങളിലും.
കപിലിന്‍റെ ചെകുത്താന്മാര്‍ ലോകകിരീടത്തില്‍ മുത്തമിട്ട 1983 ആണ് ലോകകപ്പിലെ ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടങ്ങളുടെ തുടക്കം. ആ ലോകകപ്പില്‍ ഇരു ടീമും രണ്ട് മത്സരത്തില്‍ പരസ്‌പരം ഏറ്റുമുട്ടി. ഓരോ ജയങ്ങള്‍ നേടിയായിരുന്നു ഇന്ത്യയും ഓസീസും അന്ന് പിരിഞ്ഞത്.