കേരളം

kerala

ETV Bharat / sports

കാത്തിരിക്കുന്നത് സ്‌പിന്‍ കെണിയോ...? പ്ലേയിങ് ഇലവനില്‍ തലപുകച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും - ഇന്ത്യ ഓസ്‌ട്രേലിയ പിച്ച് റിപ്പോര്‍ട്ട്

India vs Australia Final Pitch Report: ഏകദിന് ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ത്യ ഓസ്‌ട്രേലിയ മത്സര വേദിയിലെ പിച്ച് റിപ്പോര്‍ട്ട്.

Cricket World Cup 2023  India vs Australia  India vs Australia Final  India vs Australia Final Pitch Report  Ahmedabad Pitch Report  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍  ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍  ഇന്ത്യ ഓസ്‌ട്രേലിയ പിച്ച് റിപ്പോര്‍ട്ട്  അഹമ്മദാബാദ് ലോകകപ്പ് ഫൈനല്‍ പിച്ച് റിപ്പോര്‍ട്ട്
India vs Australia Final Pitch Report

By ETV Bharat Kerala Team

Published : Nov 19, 2023, 9:51 AM IST

അഹമ്മദാബാദ് :ലോക ക്രിക്കറ്റിന്‍റെ രാജാക്കന്മാര്‍ ആരെന്നറിയാന്‍ ഇനി കാത്തിരിക്കേണ്ടത് മണിക്കൂറുകള്‍ മാത്രം. അഹമ്മദാബാദില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ഇന്ത്യയും ഓസ്‌ട്രേലിയയും (India vs Australia) തമ്മിലേറ്റുമുട്ടുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ (Cricket World Cup 2023 Final) പോരാട്ടം ആരംഭിക്കും. ഈ ലോകകപ്പില്‍ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകുന്ന അഞ്ചാമത്തെ മത്സരമാണ് ഇന്ന് നടക്കുന്നത്.

അഹമ്മദാബാദില്‍ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്‌ത ടീം. അതുകൊണ്ട് തന്നെ ടോസ് എത്രത്തോളം നിര്‍ണായകമാകുമെന്ന് കണ്ടറിയണം. ഫൈനലില്‍ വമ്പന്‍ സ്കോര്‍ പിറക്കാന്‍ സാധ്യതയില്ലെന്നാണ് പിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഈ ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലേറ്റുമുട്ടിയ മത്സരത്തില്‍ ഉപയോഗിച്ച സ്‌പിന്‍ പിച്ചാണ് ഫൈനലിലും ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ പാക് പോരാട്ടത്തിന് പിന്നാലെ ശരാശരി റേറ്റിങ്ങായിരുന്നു അഹമ്മദാബാദിലെ പുതിയ വിക്കറ്റിന് ഐസിസി നല്‍കിയത്.

ആദ്യ ഇന്നിങ്‌സില്‍ അഹമ്മദാബാദിലെ ശരാശരി സ്കോര്‍ 251 ആണ്. ഈ ലോകകപ്പില്‍ ചെന്നൈക്ക് പുറമെ ഒരു ടീമും 300ന് മുകളില്‍ റണ്‍സ് കണ്ടെത്താത്ത സ്റ്റേഡിയവും അഹമ്മദാബാദാണ്. സ്‌പിന്നിനെ തുണയ്‌ക്കുന്ന പിച്ചില്‍ ഇന്ത്യ അശ്വിനെ കളിപ്പിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ അശ്വിന്‍ കളിച്ചിരുന്നു. സ്‌പിന്നിനെ തുണയ്‌ക്കുന്ന ചെപ്പോക്കിലാണ് ഈ മത്സരം നടന്നത്. ഈ സാഹചര്യത്തില്‍ വിന്നിങ് കോമ്പിനേഷനില്‍ മാറ്റം വരുത്താന്‍ ഇന്ത്യ തയാറാകുമോ എന്നറിയാന്‍ ടോസ് വരെ കാത്തിരിക്കണം. അശ്വിന്‍ ടീമിലേക്ക് വന്നാല്‍ സൂര്യകുമാര്‍ യാദവിനെയോ, മോശം ഫോമിലുള്ള മുഹമ്മദ് സിറാജിനെയോ ആയിരിക്കും ഇന്ത്യന്‍ ടീം ഒഴിവാക്കുന്നത്.

ഓസീസ് നിരയിലും മാറ്റത്തിനുള്ള സാധ്യതകളുണ്ട്. ബാറ്റിങ് ദുഷ്‌കരമായേക്കാവുന്ന പിച്ചില്‍ മാര്‍നസ് ലബുഷെയ്‌ന്‍ തുടരാനാണ് സാധ്യത. സ്‌പിന്‍ കെണിയില്‍ വീഴുന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ പ്രകടനവും ഓസ്‌ട്രേലിയക്ക് ഇന്ന് നിര്‍ണായകമാകും.

ഇരു ടീമുകളുടെയും പവര്‍പ്ലേയിലെ പ്രകടനങ്ങളായിരിക്കും ഇന്ന് നിര്‍ണായകമാകുന്നത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഓസ്‌ട്രേലിയന്‍ ടീമിനെ അപേക്ഷിച്ച് ആദ്യ പത്തോവറില്‍ മികച്ച പ്രകടനം നടത്താന്‍ ടീം ഇന്ത്യയ്‌ക്ക് സാധിച്ചിട്ടുണ്ട്. ആദ്യത്തെ പത്ത് ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ 4.34 എക്കോണമിയില്‍ റണ്‍സ് വിട്ടുകൊടുക്കുമ്പോള്‍ 6.87 റണ്‍ റേറ്റിലാണ് ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്തുന്നത്.

കളിയുടെ ഗതി തീരുമാനിക്കുന്നത് ഇരു ടീമിലെയും താരങ്ങളുടെ വ്യക്തിഗത പോരാട്ടങ്ങള്‍ കൂടിയാകും. ഇന്ത്യയ്‌ക്ക് വെടിക്കെട്ട് തുടക്കം നല്‍കുന്ന നായകന്‍ രോഹിത് ശര്‍മയെ പൂട്ടാനുള്ള ചുമതല ജോഷ് ഹെയ്‌സല്‍വുഡിനായിരിക്കും. ഫൈനല്‍ പോലുള്ള വമ്പന്‍ മത്സരങ്ങളില്‍ മികച്ച റെക്കോഡുള്ള താരമാണ് ഹെയ്‌സല്‍വുഡ്.

ലോകകപ്പിലെ ടോപ്‌ സ്കോറര്‍ വിരാട് കോലിയെ വീഴ്‌ത്താന്‍ ആദം സാംപയെ ആയിരിക്കും കങ്കാരുപ്പട നിയോഗിക്കുന്നത്. കോലിക്കെതിരെ ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള താരമാണ് സാംപ. സ്‌പിന്നിനെതിരെ മികച്ച റെക്കോഡുള്ള ശ്രേയസ് അയ്യരുടെ പ്രകടനവും ഇന്ത്യയ്‌ക്ക് ഇന്ന് നിര്‍ണായകം.

ടോപ്‌ ഓര്‍ഡറില്‍ അതിവേഗം റണ്‍സ് കണ്ടെത്തുന്ന ഡേവിഡ് വാര്‍ണര്‍ ട്രാവിസ് ഹെഡ് സഖ്യത്തെ പൂട്ടാന്‍ ജസ്‌പ്രീത് ബുംറയെ ആയിരിക്കും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പന്തേല്‍പ്പിക്കുന്നത്. പവര്‍പ്ലേയില്‍ മികച്ച റെക്കോഡാണ് ബുംറയ്‌ക്കുള്ളത്. കുല്‍ദീപ് യാദവ് ഗ്ലെന്‍ മാകസ്‌വെല്‍ പോരാട്ടത്തിനായും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. ഓസീസ് നിരയില്‍ ഇടംകയ്യന്‍ ബാറ്റര്‍മാര്‍ ഉള്ളത് കൊണ്ട് മുഹമ്മദ് ഷമി തുടക്കത്തില്‍ തന്നെ പന്തെറിയാന്‍ എത്താനും സാധ്യതയുണ്ട്.

Also Read :തെളിഞ്ഞ ആകാശം, ഗാലറിയില്‍ നീലക്കടല്‍ തിരയടിക്കും...; മഴപ്പേടിയില്ലാതെ ഫൈനല്‍, അഹമ്മദാബാദിലെ കാലാവസ്ഥ പ്രവചനം ഇങ്ങനെ

ABOUT THE AUTHOR

...view details