ബെംഗളൂരു:ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) എതിരാളികളെ വിറപ്പിക്കുന്ന പ്രകടനമാണ് ഓരോ മത്സരത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുക്കുന്നത്. പേസ് നിരയും സ്‌പിന്‍ നിരയും പരസ്‌പരം മത്സരിച്ചാണ് ഓരോ മത്സരങ്ങളിലും ഇന്ത്യയ്‌ക്കായി എതിരാളികളുടെ വിക്കറ്റുകള്‍ എറിഞ്ഞിടുന്നത്. ന്യൂബോളില്‍ മുഹമ്മദ് സിറാജും (Mohammed Siraj) ജസ്പ്രീത് ബുംറയും (Jasprit Bumrah) ചേര്‍ന്ന് നല്‍കുന്ന തുടക്കത്തിനൊത്ത പ്രകടനം തന്നെയാണ് മധ്യ ഓവറുകളില്‍ സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും ചേര്‍ന്ന് കാഴ്‌ചവെയ്‌ക്കുന്നത്.
ബുംറയുടെ പന്തുകളെ ശ്രദ്ധയോടെ നേരിട്ട് സിറാജിനെതിരെ എതിര്‍ ടീം ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് നായകന്‍ രോഹിത് ശര്‍മ മുഹമ്മദ് ഷമിയെ (Mohammed Shami) പന്തേല്‍പ്പിക്കുന്നത്. പന്തെറിയാനെത്തുന്ന സമയങ്ങളിലെല്ലാം തന്നെ ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ സമ്മാനിക്കാന്‍ ഷമിക്ക് സാധിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ബൗളിങ് യൂണിറ്റിന്‍റെ വജ്രായുധം തന്നെ മുഹമ്മദ് ഷമിയാണ്.
ആദ്യ നാല് മത്സരങ്ങളില്‍ ഡഗ്ഔട്ടില്‍ ഇരുന്ന ഷമി ന്യൂസിലന്‍ഡിനെതിരായ അഞ്ചാം മത്സരത്തിലൂടെയാണ് ടീമിലേക്ക് തിരിച്ചുവരവ് നടത്തുന്നത്. ടീമിലേക്കുള്ള മടങ്ങി വരവ് അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഗംഭീരമാക്കാനും ഷമിക്കായി. പിന്നീടുള്ള മൂന്ന് മത്സരങ്ങളും കളിച്ച ഷമി ഇതുവരെ 16 വിക്കറ്റാണ് ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി സ്വന്തമാക്കിയത്.
ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുള്ളത് മുഹമ്മദ് ഷമിയാണെങ്കിലും ടീമിലെ 'എക്‌സ് ഫാക്‌ടര്‍' സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്‍റെ അഭിപ്രായം. ഇന്ത്യയ്‌ക്കായി എട്ട് മത്സരവും കളിച്ച ബുംറ 15 വിക്കറ്റാണ് ഇതുവരെ നേടിയിട്ടുള്ളത്.