ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പിന്‍റെ അവസാന ഘട്ട ഒരുക്കത്തിലാണ് ബംഗ്ലാദേശ് ടീം. എതിരാളി എത്ര വമ്പന്മാരാണെങ്കിലും നേര്‍ക്കുനേര്‍ നിന്ന് പോരടിക്കാനുള്ള കെല്‍പ്പ് ബംഗ്ലാ കടുവകള്‍ക്കുണ്ട്. ലോകകപ്പില്‍ പാകിസ്ഥാനേയും ഇംഗ്ലണ്ടിനേയും ദക്ഷിണാഫ്രിക്കയേയും ഇന്ത്യയേയും അട്ടിമറിച്ചുള്ള ചരിത്രവും അവര്‍ക്കുണ്ട്. ഇത്തവണ ഷാക്കിബ് അൽ ഹസന്‍റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ബംഗ്ലാദേശ് നിരയിലെ പ്രധാനികളായ അഞ്ച് താരങ്ങളെ അറിയാം(Cricket World Cup 2023).
1. ഷാക്കിബ് അൽ ഹസൻ (Shakib Al Hasan)
ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അൽ ഹസൻ. പന്തുകൊണ്ട് എതിരാളികളെ കറക്കി വീഴ്‌ത്തുന്ന താരം ബാറ്റുകൊണ്ടും ബംഗ്ലാദേശിന് മുതല്‍ക്കൂട്ടാവുന്ന നിരവധിയായ പ്രകടനങ്ങളാണ് കാഴ്‌ചവച്ചിട്ടുള്ളത്. നിലവില്‍ ഏകദിന ക്രിക്കറ്റില്‍ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറാണ് ഷാക്കിബ്. ഇതുവരെ 240 ഏകദിനങ്ങളിൽ നിന്ന് 4.44 ഇക്കോണമിയിൽ 308 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. 37.7 ശരാശരിയിൽ 7,384 റൺസും ഷാക്കിബിന്‍റെ അക്കൗണ്ടിലുണ്ട് (Five explosive Bangladesh players).
2. മുഷ്‌ഫിഖുർ റഹീം ( Mushfiqur Rahim)
ബംഗ്ലാദേശിന്‍റെ പരിചയസമ്പന്നനായ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് മുഷ്ഫിഖുർ റഹീം. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുന്നതാണ് മുഷ്ഫിഖുർ റഹീമിന്‍റെ ശൈലി. ഇതുവരെ 256 ഏകദിനങ്ങളിൽ നിന്ന് 37.03 ശരാശരിയിലും 79.62 സ്‌ട്രൈക്ക് റേറ്റിലും ഒമ്പത് സെഞ്ചുറികളും 46 അർധസെഞ്ചുറികളും സഹിതം 7,406 റൺസാണ് താരം നേടിയിട്ടുള്ളത്. വിക്കറ്റ് കീപ്പിങ്ങിലും ഏറെ മികവ് പുലര്‍ത്തുന്ന മുഷ്ഫിഖുർ റഹീം 222 ക്യാച്ചുകളും 10 റണ്ണൗട്ടുകളും 55 സ്റ്റംപിങ്ങുകളും നേടിയിട്ടുണ്ട്.
3. മുസ്‌തഫിസുർ റഹ്മാൻ (Mustafizur Rahman)
ബംഗ്ലാദേശ് പേസ് നിരയില്‍ പ്രധാനിയാണ് മുസ്‌തഫിസുർ റഹ്മാൻ. മികച്ച കട്ടറുകളാണ് താരത്തെ മറ്റ് ബോളര്‍മാരില്‍ നിന്നും വ്യത്യസ്‌തനാക്കുന്നത്. ആദ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്തുന്നതിന് പുറമേ, ഡെത്ത് ഓവറുകളിലും മികച്ച രീതിയില്‍ പന്തെറിയാന്‍ താരത്തിന് കഴിയും. ഇതേവരെ 93 ഏകദിനങ്ങളിൽ നിന്ന് 5.07 ഇക്കോണമിയിൽ 156 വിക്കറ്റുകളാണ് താരം നേടിയത്. ഇന്ത്യന്‍ പിച്ചുകളില്‍ മികച്ച റെക്കോഡാണ് മുസ്‌തഫിസുറിനുള്ളത്.
4. മെഹ്ദി ഹസൻ മിറാജ് (Mehdi Hasan Miraj)
ബംഗ്ലാദേശ് നിരയിലെ മറ്റൊരു പ്രധാന ഓള്‍ റൗണ്ടറാണ് മെഹ്ദി ഹസൻ മിറാജ്. അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പില്‍ മിന്നും പ്രകടനമാണ് മെഹ്ദി ഹസൻ നടത്തിയത്. ബാറ്റിങ്ങില്‍ നിര്‍ണായകമാകുന്നതിനൊപ്പം തന്‍റെ ഓഫ് സ്പിൻ പന്തുകൾ കൊണ്ട് ഇന്ത്യൻ പിച്ചുകളിൽ എതിര്‍ നിരയില്‍ നാശം വിതയ്ക്കാനും മെഹ്‌ദി ഹസന് കഴിയും.
ഇതുവരെ, 80 ഏകദിന മത്സരങ്ങളിൽ നിന്ന് 23.24 ശരാശരിയിൽ 1046 റൺസ് നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2 സെഞ്ചുറിയും 2 അർധ സെഞ്ചുറികളും മെഹ്‌ദി ഹസന്‍റെ അക്കൗണ്ടിലുണ്ട്. ഇതിനുപുറമെ, 4.73 എന്ന മികച്ച ഇക്കോണമിയിൽ 91 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.
ALSO READ:Cricket World Cup 2023 Bangladesh Team കരുതിയിരിക്കണം ബംഗ്ലാ കടുവകളെ; ഇന്ത്യന്‍ മണ്ണില്‍ പുത്തന്‍ പ്രതീക്ഷയുമായി ഷാക്കിബും സംഘവും
5. ലിറ്റൺ ദാസ് (Liton Das)
ആക്രമണാത്മക ബാറ്റിങ് ശൈലിക്ക് പേരുകേട്ട താരമാണ് ലിറ്റൺ ദാസ്. ബംഗ്ലാദേശിന്‍റെ മിന്നും തുടക്കത്തില്‍ വലിയ പങ്കാണ് ലിറ്റൺ ദാസ് വഹിക്കാറുള്ളത്. 2022-ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ നടത്തിയ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ഇതുവരെ കളിച്ച 77 ഏകദിനങ്ങളിൽ നിന്ന് 32.60 ശരാശരിയിലും 87.61 സ്‌ട്രൈക്ക് റേറ്റിലും 2,250 റൺസാണ് താരം നേടിയത്. അഞ്ച് സെഞ്ചുറികളും 10 അർധസെഞ്ചുറികളും ലിറ്റണ്‍ ദാസിന്‍റെ അക്കൗണ്ടിലുണ്ട്.