ബെംഗളൂരു :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇംഗ്ലണ്ടിനും ശ്രീലങ്കയ്‌ക്കും ഇന്ന് ജീവന്‍മരണപ്പോരാട്ടം (England vs Sri Lanka). ടൂര്‍ണമെന്‍റിലെ അഞ്ചാം മത്സരത്തില്‍ രണ്ടാം ജയം നേടി സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താനാണ് ഇരു ടീമും ഇറങ്ങുന്നത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം (England vs Sri Lanka Match Details).
തുടര്‍ തോല്‍വികളില്‍ വലയുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ബംഗ്ലാദേശിനെതിരായ ജയം മാറ്റിനിര്‍ത്തിയാല്‍ മറ്റ് മത്സരങ്ങളിലെല്ലാം ദയനീയമായിരുന്നു ഇംഗ്ലീഷ് പടയുടെ പ്രകടനങ്ങള്‍. പേരുകേട്ട വമ്പന്‍ താരനിരയാണ് കളത്തിലിറങ്ങുന്നതെങ്കിലും അവരുടെ സ്ഥിരതയില്ലായ്‌മയാണ് ടീമിന്‍റെ പ്രധാന തലവേദന.
നായകന്‍ ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്റ്റോ തുടങ്ങിയ താരങ്ങളൊന്നും ഇതുവരെയും മികവിലേക്ക് ഉയര്‍ന്നിട്ടില്ല. ബൗളിങ്ങിലും എടുത്ത് പറയത്തക്ക പ്രകടനങ്ങള്‍ ഇംഗ്ലീഷ് താരങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. ടൂര്‍ണമെന്‍റില്‍ ഇംഗ്ലണ്ടിനായി കൂടുതല്‍ വിക്കറ്റ് നേടിയ റീസ് ടോപ്ലി പരിക്കേറ്റ് പുറത്തായത് ടീമിന് കനത്ത നഷ്‌ടമാണ്.
അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ജയിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമായിരുന്നു ലങ്ക ആദ്യ ജയം സ്വന്തമാക്കിയത്. താരങ്ങളുടെ പരിക്കാണ് ശ്രീലങ്കയെ അലട്ടുന്ന പ്രധാന പ്രശ്‌നം.
നായകന്‍ ദസുന്‍ ഷണകയ്‌ക്ക് പിന്നാലെ പേസര്‍ മതിഷ പതിരണയും പരിക്കേറ്റ് പുറത്തായിരുന്നു. പകരക്കാരനായി വെറ്ററന്‍ താരം എയ്‌ഞ്ചലോ മാത്യൂസിനെ ശ്രീലങ്ക സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 3 ഏകദിന മത്സരം മാത്രം കളിച്ചിട്ടുള്ള മാത്യൂസ് ഇന്ന് പ്ലേയിങ് ഇലവനിലുണ്ടാകുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.