അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ലോകകപ്പ് ക്രിക്കറ്റിന്‍റെ 13-ാം പതിപ്പിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡിനെയാണ് നേരിടുന്നത് (England vs New Zealand Match Preview). അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ തമ്മിലേറ്റുമുട്ടുന്ന മത്സരം ആരംഭിക്കുന്നത്.
കിരീടം നിലനിര്‍ത്താന്‍ ഇംഗ്ലീഷ് പടയും ചരിത്രം മാറ്റിയെഴുതാനുള്ള യാത്ര കിവീസും തുടങ്ങിവെയ്‌ക്കാനൊരുങ്ങുമ്പോള്‍ തീപാറും പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അടുത്തിടെ സ്വന്തം നാട്ടില്‍ ന്യൂസിലന്‍ഡിനെ വീഴ്‌ത്തിയതിന്‍റെ ആത്മവിശ്വാസത്തിലാകും ഇംഗ്ലണ്ട് ഇന്ന് ഇറങ്ങുന്നത്. പ്രധാന താരങ്ങളില്‍ പലരും ഇല്ലാതിരുന്ന ആ ഏകദിന പരമ്പരയില്‍ 3-1നായിരുന്നു ഇംഗ്ലീഷ് പടയുടെ വിജയം.
ലോകകപ്പിലെ സന്നാഹ മത്സരങ്ങളില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചപ്പോള്‍ ബംഗ്ലാദേശിനെതിരെ ജയം പിടിക്കാനും ജോസ് ബട്‌ലറിനും സംഘത്തിനുമായി. മറുവശത്ത് തകര്‍പ്പന്‍ ഫോമിലാണ് ന്യൂസിലന്‍ഡ്. ഇംഗ്ലണ്ടിനെതിരെ പരമ്പര തോറ്റെങ്കിലും പിന്നീട് ബംഗ്ലാദേശിനെ തകര്‍ത്ത് അന്താരാഷ്‌ട ക്രിക്കറ്റില്‍ വിജയ വഴിയിലെത്താന്‍ കിവീസിന് സാധിച്ചിട്ടുണ്ട്. ലോകകപ്പിലെ സന്നാഹ മത്സരങ്ങളില്‍ പാകിസ്ഥാനെയും ദക്ഷിണാഫ്രിക്കയേയും വീഴ്‌ത്തിയും ഈ മികവ് തുടരാന്‍ അവര്‍ക്കായിരുന്നു.
സൂപ്പർ പോരില്‍ സൂപ്പർ താരങ്ങളില്ല:ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ നായകന്‍ കെയ്‌ന്‍ വില്യംസണ്‍ (Kane Williamson) ഇന്നത്തെ മത്സരത്തില്‍ കളിക്കാത്തത് ന്യൂസിലന്‍ഡിന് തിരിച്ചടിയാണ്. വില്യംസണിന്‍റെ അഭാവത്തില്‍ ടോം ലാഥം ആയിരിക്കും ഇന്ന് കിവീസിനെ നയിക്കുക. ഇംഗ്ലണ്ട് പര്യടനത്തിനിടെ കൈവിരലിന് പരിക്കേറ്റ വെറ്ററന്‍ പേസര്‍ ടിം സൗത്തിയും (Tim Southee) ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കളിക്കാനുണ്ടാകില്ല (New Zealand Cricket Team News). സൗത്തിയുടെ അഭാവത്തില്‍ ട്രെന്‍റ് ബോള്‍ട്ടിലാണ് കിവീസിന്‍റെ ബൗളിങ് പ്രതീക്ഷകള്‍.