'ലോക ക്രിക്കറ്റിലെ രാജാക്കന്മാര്‍...' ആ വിശേഷണത്തിന് ഏറ്റവും അര്‍ഹരായ ഒരൊറ്റ ടീം മാത്രമാണുള്ളത്, അതാണ് മൈറ്റി ഓസീസ് എന്നറിയപ്പെടുന്ന ഓസ്‌ട്രേലിയ (Australia Cricket Team). ഏകദിന ലോകകപ്പ് ചരിത്രത്തില്‍ കങ്കാരുപ്പട ഫൈനലിലെത്തിയത് ഏഴ് തവണ. നേടിയത് അഞ്ച് കിരീടങ്ങള്‍. ഇക്കുറി ആറാം കിരീടം തേടിയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് ഓസ്ട്രേലിയന്‍ സംഘത്തിന്‍റെ വരവ്.
നിലവിലെ ഏകദിന റാങ്കിങ്ങിലെ മൂന്നാം സ്ഥാനക്കാരാണ് ഓസ്‌ട്രേലിയ. അടുത്തിടെ ദക്ഷിണാഫ്രിക്ക, ഇന്ത്യ ടീമുകളോട് ഏകദിന പരമ്പര കൈവിട്ടാണ് ലോകകപ്പിലേക്ക് കങ്കാരുപ്പട എത്തിയിരിക്കുന്നത്. ഈ പരമ്പരകളില്‍ കണ്ട ഓസ്‌ട്രേലിയ ആയിരിക്കില്ല ലോകകപ്പിലെന്ന് ചരിത്രം ചികഞ്ഞാല്‍ മനസിലാകും.
ബംഗ്ലാദേശിനെതിരായ ടി20 പരമ്പര തോറ്റ ശേഷമായിരുന്നു അവര്‍ ചരിത്രത്തില്‍ ആദ്യമായി ടി20 ലോകകപ്പ് സ്വന്തം ഷെല്‍ഫിലെത്തിച്ചത്. ഈ വര്‍ഷം നടന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കഥ ഇതുതന്നെ. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പുള്ള ടെസ്റ്റ് പരമ്പര ഇന്ത്യയോടായിരുന്നു ഓസ്‌ട്രേലിയ പരാജയപ്പെട്ടത്.
വമ്പന്‍ താരങ്ങളുമായാണ് ആറാം കിരീടം തേടി ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. പേസര്‍ പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് പ്രധാന താരങ്ങള്‍. ലോകകപ്പ് സ്ക്വാഡിലേക്ക് അവസാനഘട്ടത്തില്‍ മിന്നും ഫോമിലുള്ള മാര്‍നസ് ലബുഷെയ്‌നും എത്തിയതോടെ കങ്കാരുപ്പടയുടെ കരുത്ത് അല്‍പം കൂടി ഉയര്‍ന്നിട്ടുണ്ട്. ഐപിഎല്ലില്‍ ഉള്‍പ്പടെ മികവ് തെളിയിച്ച് ഇന്ത്യന്‍ സാഹചര്യങ്ങള്‍ നല്ലതുപോലെ അറിയുന്ന താരങ്ങളുടെ പ്രകടനങ്ങളിലാണ് ഓസ്‌ട്രേലിയന്‍ പ്രതീക്ഷകള്‍.
ലോക ക്രിക്കറ്റിനെ അടക്കിഭരിച്ച ഓസ്‌ട്രേലിയ : 1971ല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ഏകദിന മത്സരം നടന്നപ്പോള്‍ അന്ന് ഇംഗ്ലണ്ടിന്‍റെ എതിരാളികളായി ഉണ്ടായിരുന്ന ടീമാണ് ഓസ്‌ട്രേലിയ. അഞ്ച് വിക്കറ്റിന്‍റെ ജയമാണ് അന്ന് കങ്കാരുപ്പട സ്വന്തമാക്കിയത്. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യ ലോകകപ്പ്. അവിടെ ഗ്രൂപ്പ് ബിയില്‍ വിന്‍ഡീസിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി അവസാന നാലിലേക്ക്.
സെമിയില്‍ ഇംഗ്ലണ്ടിനോട് പഴയ ചരിത്രങ്ങളൊന്നും ആവര്‍ത്തിക്കാനാകാതെ കങ്കാരുപ്പടയ്‌ക്ക് മുട്ടുമടക്കേണ്ടി വന്നു. 1979ല്‍ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ ഓസ്‌ട്രേലിയക്കായില്ല. മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടി ആദ്യ റൗണ്ടില്‍ തന്നെ അവര്‍ക്ക് തിരികെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.
1983ലും അവസ്ഥ അതുതന്നെ. ആറ് മത്സരം കളിച്ച ഓസ്‌ട്രേലിയ ആകെ ജയിച്ചത് രണ്ട് മത്സരങ്ങളില്‍. ഗ്രൂപ്പ് ബിയിലെ മൂന്നാം സ്ഥാനക്കാരായിട്ടായിരുന്നു അന്ന് കങ്കാരുപ്പട പുറത്തായത്.
ചരിത്രമെല്ലാം മാറ്റിയെഴുതുന്നതായിരുന്നു 1987ലെ ഫൈനല്‍. തുടര്‍ച്ചയായ രണ്ട് പ്രാവശ്യം ഗ്രൂപ്പ് ഘട്ടത്തില്‍ മടങ്ങേണ്ടിവന്ന ടീം അക്കുറി ഫൈനലില്‍. ആ ഫൈനലില്‍ ചിരവൈരികളായ ഇംഗ്ലണ്ടിനെ വീഴ്‌ത്തി ആദ്യമായി ലോക കിരീടത്തില്‍ മുത്തമിടാന്‍ ഓസ്‌ട്രേലിയക്കായി.