ബെംഗളൂരു :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ന് (ഒക്ടോബര്‍ 20) ഓസ്‌ട്രേലിയ പാകിസ്ഥാന്‍ (Australia vs Pakistan) ടീമുകള്‍ നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നു. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയോടേറ്റ വമ്പന്‍ തോല്‍വിയില്‍ നിന്നും കരകയറാനായി പാകിസ്ഥാനെത്തുമ്പോള്‍ വിജയവഴിയില്‍ കുതിപ്പ് തുടരാനാകും കങ്കാരുപ്പടയുടെ ശ്രമം.
മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്ക് ഏറെ നിര്‍ണായകമാണ് ഇന്ന്. ഇനിയുള്ള തോല്‍വികള്‍ അവരുടെ സെമി സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചേക്കാം. ഇന്ത്യ ദക്ഷിണാഫ്രിക്ക ടീമുകളോട് തോറ്റുകൊണ്ടായിരുന്നു കങ്കാരുപ്പട ഇക്കുറി ലോകകപ്പ് യാത്ര തുടങ്ങിയത്.
തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ മൂന്നാം മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ പാറ്റ് കമ്മിന്‍സിനും സംഘത്തിനും സാധിച്ചിട്ടുണ്ട്. പേരുകേട്ട വമ്പന്‍ താരങ്ങള്‍ ഉണ്ടെങ്കിലും അവരെല്ലാം ഫോം ഔട്ടായതാണ് കങ്കാരുപ്പടയ്‌ക്ക് തിരിച്ചടിയായിരിക്കുന്നത്. കൂടാതെ, ഫീല്‍ഡിങ്ങിലെ പിഴവുകളും ഓസ്ട്രേലിയക്ക് പരിഹരിക്കേണ്ടതുണ്ട്. ലോകകപ്പ് സന്നാഹ മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ സാധിച്ചുവെന്നത് കങ്കാരുപ്പടയ്‌ക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.
മറുവശത്ത് വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ബാബര്‍ അസമും സംഘവും. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമിനുള്ള ശക്തിദൗര്‍ബല്യങ്ങള്‍ മനസിലാക്കി നല്‍കിയതായിരുന്നു അഹമ്മദാബാദില്‍ ഇന്ത്യയ്‌ക്കെതിരായ ടീമിന്‍റെ തോല്‍വി. ആ മത്സരത്തില്‍ നായകന്‍ ബാബര്‍ അസം താളം കണ്ടെത്തിയത് പാക് പടയ്‌ക്ക് ആശ്വാസം.