ധര്‍മ്മശാല:ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ വമ്പന്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ ടോം ലാഥം ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് ഇരു ടീമും ഇന്ന് ഇറങ്ങുന്നത്.
പരിക്കേറ്റ് പുറത്തായിരുന്ന ട്രാവിസ് ഹെഡ് ഇന്ന് കളിക്കാനിറങ്ങുന്നുണ്ട്. അവസാന മത്സരം കളിച്ച കാമറൂണ്‍ ഗ്രീനിന് പകരക്കാരനായിട്ടാണ് ഹെഡ് അന്തിമ ഇലവനില്‍ ഇടം പിടിച്ചിരിക്കുന്നത്. മാര്‍ക് ചാപ്‌മാന് പകരം ജിമ്മി നീഷാം ന്യൂസിലന്‍ഡ് പ്ലേയിങ് ഇലവനിലേക്ക് എത്തി.
ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍ (Australia Playing XI): ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ.
ന്യൂസിലന്‍ഡ് പ്ലേയിങ് ഇലവന്‍ (New Zealand Playing XI): ഡെവോണ്‍ കോണ്‍വെ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ടോം ലാഥം (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ജിമ്മി നീഷാം, മിച്ചല്‍ സാന്‍റ്‌നര്‍, മാറ്റ് ഹെൻറി, ലോക്കി ഫെര്‍ഗൂസണ്‍, ട്രെന്‍റ് ബോള്‍ട്ട്.
ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ മൂന്ന്, നാല് സ്ഥാനങ്ങളിലുള്ള ടീമുകളാണ് ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും. അഞ്ച് മത്സരങ്ങളില്‍ നിന്നും കിവീസ് നാല് ജയം സ്വന്തമാക്കിയപ്പോള്‍ ഓസ്‌ട്രേലിയ മൂന്ന് കളിയിലാണ് ജയിച്ചത്. അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് 309 റണ്‍സിന്‍റെ വമ്പന്‍ ജയം നേടാന്‍ കങ്കാരുപ്പടയ്‌ക്കായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ നാല് ജയങ്ങള്‍ക്ക് ശേഷം ഇന്ത്യയോട് തോല്‍വി വഴങ്ങിയാണ് ന്യൂസിലന്‍ഡ് ഓസീസിനെ നേരിടാന്‍ ഇറങ്ങുന്നത്.
ജയക്കണക്കില്‍ ഓസീസ് മുന്നില്‍(AUS vs NZ Head To Head Stats In CWC): ലോകകപ്പ് ചരിത്രത്തില്‍ ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് ടീമുകള്‍ നേര്‍ക്കുനേര്‍ പോരടിക്കാനിറങ്ങുന്ന 12-ാമത്തെ മത്സരമാണിത്. നേരത്തെ തമ്മിലേറ്റുമുട്ടിയ 11 മത്സരങ്ങളില്‍ കിവീസിനെതിരെ വ്യക്തമായ മേധാവിത്വം ഓസീസിനുണ്ട്. ലോകകപ്പ് വേദികളില്‍ എട്ട് പ്രാവശ്യമാണ് ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയത്.
ഓസ്‌ട്രേലിയക്കെതിരെ ലോകകപ്പില്‍ മൂന്ന് പ്രാവശ്യം മാത്രമാണ് കിവീസിന് ജയം നേടാന്‍ സാധിച്ചിട്ടുള്ളത്. കഴിഞ്ഞ ലോകകപ്പില്‍ തമ്മിലേറ്റുമുട്ടിയപ്പോഴും ന്യൂസിലന്‍ഡ് ഓസീസിനോട് തോല്‍വി വഴങ്ങിയിരുന്നു.
മത്സരം ലൈവായി കാണാന്‍ (Where To Watch Australia vs New Zealand Match): ധര്‍മ്മശാലയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് പോരാട്ടം സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്‍റെ ചാനലുകളിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി + ഹോട്‌സ്റ്റാറിലൂടെയും ആരാധകര്‍ക്ക് ഈ മത്സരം കാണാന്‍ സാധിക്കും.
Also Read :Indian Players Bowling Practice: ആറാം ബൗളറാകാന്‍ കോലിയും ഗില്ലും പിന്നെ സൂര്യയും... പരിശീലനത്തിനിടെ പന്തെറിഞ്ഞ് ഇന്ത്യന്‍ ബാറ്റര്‍മാര്‍