ധര്‍മ്മശാല:ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) കരുത്തന്മാരുടെ ക്ലാസിക് പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ഇന്ന് ഓസ്‌ട്രേലിയയെ നേരിടും (Australia vs New Zealand). ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (HPCA) സ്റ്റേഡിയത്തില്‍ രാവിലെ പത്തരയ്ക്കാണ് മത്സരം. ന്യൂസിലന്‍ഡ് ലോകകപ്പിലെ അഞ്ചാം ജയം ലക്ഷ്യമിടുമ്പോള്‍ ഓസീസ് നാലാമത്തെ ജയം തേടിയാണ് ഇന്നിറങ്ങുന്നത് (Cricket World Cup 2023 Points Table).
പോയിന്‍റ് പട്ടികയില്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ് ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍. തുടര്‍ജയങ്ങള്‍ക്കൊടുവില്‍ അവസാന മത്സരം ഇന്ത്യയോട് തോറ്റതിന്‍റെ ക്ഷീണം മാറ്റി വിജയവഴിയില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങളായിരിക്കും കിവീസ് ഇന്ന് നടത്തുന്നത്. മറുവശത്ത് രണ്ട് തോല്‍വികളോടെ തുടങ്ങിയ ഓസീസ് തുടര്‍ച്ചയായ നാലാം ജയമാണ് ഇന്ന് ലക്ഷ്യമിടുന്നത്.
ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിങ്ങില്‍ ഫോമിലേക്ക് ഉയര്‍ന്നതാണ് ഓസ്ട്രേലിയയുടെ കരുത്ത് വര്‍ധിപ്പിക്കുന്നത്. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും സെഞ്ച്വറിയടിക്കാന്‍ ഇടംകയ്യന്‍ ബാറ്റര്‍ക്കായിരുന്നു. വാര്‍ണര്‍ക്കൊപ്പം സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ്, ലബുഷെയ്‌ന്‍ എന്നിവരിലുമാണ് കങ്കാരുപ്പടയുടെ റണ്‍സ് പ്രതീക്ഷകള്‍.
ബൗളിങ്ങില്‍ ആദം സാംപയാണ് ടീമിന്‍റെ വജ്രായുധം. അവസാന മൂന്ന് മത്സരങ്ങളിലും നാല് വിക്കറ്റ് പ്രകടനം നടത്തിയ സാംപയും മിന്നും ഫോമില്‍. നായകന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് ത്രയം അടങ്ങുന്ന പേസ് നിരയും താളം കണ്ടെത്തിയാല്‍ കിവീസിന് വിയര്‍ക്കേണ്ടി വന്നേക്കാം.