പൂനെ : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ഭാവി നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ ശ്രീലങ്ക ഇന്ന് (ഒക്‌ടോബര്‍ 30) അഫ്‌ഗാനിസ്ഥാനെ നേരിടും (Afghanistan vs Sri Lanka). പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം തുടങ്ങുന്നത്. കളിച്ച അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയം സ്വന്തമാക്കിയ ഇരു ടീമിനും സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇനിയുള്ള ഓരോ കളിയും ഏറെ നിര്‍ണായകമാണ്.
പോയിന്‍റ് പട്ടികയില്‍ ഓസ്‌ട്രേലിയക്ക് പിന്നിലായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് ശ്രീലങ്ക. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കൊടുവില്‍ അവസാന രണ്ട് മത്സരം ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ലങ്കയുള്ളത്. അവസാന മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ബൗളിങ് കരുത്തുകൊണ്ട് എറിഞ്ഞൊതുക്കിയ ലങ്ക ഇന്നും അതേ പ്രകടനം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.
ബാറ്റര്‍മാരും ഭേദപ്പെട്ട പ്രകടനം ടീമിനായി നടത്തുന്നുണ്ട്. സധീര സമരവിക്രമ, പാതും നിസ്സങ്ക എന്നിവരിലാണ് ടീമിന്‍റെ റണ്‍സ് പ്രതീക്ഷകള്‍. നായകന്‍ കുശാല്‍ മെന്‍ഡിസും താളം കണ്ടെത്തിയാല്‍ വമ്പന്‍മാരെ തകര്‍ത്തെത്തുന്ന അഫ്‌ഗാന് വിയര്‍ക്കേണ്ടി വരും.
മറുവശത്ത്, ഏകദിന ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ ചരിത്രജയത്തിന് ശേഷമാണ് അഫ്‌ഗാനിസ്ഥാന്‍റെ വരവ്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ മികവിലായിരുന്നു പാകിസ്ഥാനെതിരെ അഫ്‌ഗാനിസ്ഥാന്‍ കഴിഞ്ഞ മത്സരത്തില്‍ ജയം പിടിച്ചത്. റഹ്മാനുള്ള ഗുര്‍ബാസ് നല്‍കുന്ന തകര്‍പ്പന്‍ തുടക്കമാണ് ടീമിന്‍റെ സ്കോറിങ്ങിന്‍റെ അടിത്തറ.