ധര്‍മ്മശാല :ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) മൂന്നാം മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് 157 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന അഫ്‌ഗാനിസ്ഥാന്‍ 37.2 ഓവറില്‍ 156 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു (Afghanistan vs Bangladesh Score Updates). മൂന്ന് വിക്കറ്റ് നേടിയ നായകന്‍ ഷാക്കിബ് അല്‍ ഹസന്‍റെയും (Shakib Al Hassan) ഓള്‍ റൗണ്ടര്‍ മെഹിദി ഹസന്‍റെയും (Mehidy Hasan) പ്രകടനത്തിന് മുന്നിലാണ് അഫ്‌ഗാന്‍ പട തകര്‍ന്നടിഞ്ഞത്. 62 പന്തില്‍ 47 റണ്‍സ് നേടിയ റഹ്‌മാനുള്ള ഗുര്‍ബാസാണ് (Rahmanulla Gurbaz) മത്സരത്തില്‍ അഫ്‌ഗാന്‍റെ ടോപ് സ്‌കോറര്‍.
ധര്‍മ്മശാലയില്‍ ഭേദപ്പെട്ട രീതിയില്‍ തന്നെ സ്‌കോറിങ് തുടങ്ങാന്‍ അഫ്‌ഗാനിസ്ഥാന് സാധിച്ചതാണ്. റഹ്മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും (22) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ അവര്‍ക്കായി നേടിയത് 47 റണ്‍സാണ്. ഒന്‍പതാമത്തെ ഓവറിന്‍റെ രണ്ടാം പന്തിലാണ് ഇവരുടെ കൂട്ടുകെട്ട് പൊളിയുന്നത്.
ഇബ്രാഹിം സദ്രാനെ മടക്കി ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനാണ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. രണ്ടാം വിക്കറ്റില്‍ ഗുര്‍ബാസും റഹ്മത്ത് ഷായും (18) ചേര്‍ന്ന് 36 റണ്‍സ് അഫ്‌ഗാന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് എത്തിച്ചു. ഷാക്കിബ് തന്നെയാണ് ഈ കൂട്ടുകെട്ടും പൊളിച്ചത്. പിന്നാലെയെത്തിയ നായകന്‍ ഹസ്‌മത്തുള്ള ഷാഹിദി (18) ഗുര്‍ബാസ് സഖ്യത്തിന് 29 റണ്‍സ് മാത്രമായിരുന്നു നേടാന്‍ കഴിഞ്ഞത്.