ക്രിക്കറ്റ് ലോകത്തിന്‍റെ നെഞ്ചിടിപ്പേറ്റിയ മത്സരങ്ങള്‍. നിര്‍ഭാഗ്യം കൊണ്ടുമാത്രമുണ്ടാകുന്ന തോല്‍വികള്‍... സമീപകാലത്തെ പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ ഇതാണ് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമെന്ന് (Afghanistan Cricket Team) പറയാം. നിര്‍ഭാഗ്യം കൊണ്ട് മാത്രം നിരവധി മത്സരങ്ങള്‍ കൈവിടേണ്ടി വന്നിട്ടുണ്ട് അഫ്‌ഗാനിസ്ഥാന്.
2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരവും അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പിലെ ശ്രീലങ്കയ്‌ക്കെതിരായ പോരാട്ടവും അതിന് ഉദാഹരണങ്ങള്‍ മാത്രം. അതെല്ലാം പഴയ കഥകളാണ്. ഇനി അവര്‍ക്ക് മുന്നിലുള്ളത് ഏകദിന ലോകകപ്പ് എന്ന വലിയ കടമ്പയും. ഇന്ത്യയില്‍ ഇക്കുറി വിരുന്നെത്തിയിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഭാഗ്യക്കേടുകളെല്ലാം മാറ്റി സ്വപ്‌ന തുല്യമായൊരു കുതിപ്പാണ് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം ലക്ഷ്യമിടുന്നത്.
റാഷിദ് ഖാന്‍ (Rashid Khan), മുജീബ് ഉര്‍ റഹ്മാന്‍ (Mujeeb Ur Rahman), നൂര്‍ അഹമ്മദ് (Noor Ahmad).. ഏത് ബാറ്റിങ് നിരയേയും കറക്കി വീഴ്‌ത്താന്‍ കെല്‍പ്പുള്ള സ്‌പിന്നര്‍മാരാണ് അഫ്‌ഗാന്‍ ടീമിന്‍റെ കരുത്ത്. മുഹമ്മദ് നബിയെന്ന വെറ്ററന്‍ ഓള്‍റൗണ്ടറുടെ സേവനം ലോകകപ്പ് വേദിയില്‍ അവര്‍ക്ക് കരുത്താകും. പ്രവചാനീതമാണ് അഫ്‌ഗാന്‍ ബാറ്റിങ് നിരയുടെ പ്രകടനം.
ക്യാപ്റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദി, നജീബുള്ള സദ്രാന്‍, ഇബ്രാഹിം സദ്രാന്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് എന്നിവരിലാണ് ടീം ബാറ്റിങ്ങില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. വാലറ്റത്ത് മിന്നലാട്ടങ്ങള്‍ നടത്താന്‍ റാഷിദ് ഖാനുള്ളത് അവര്‍ക്ക് ആശ്വാസമായിരിക്കും. ഐപിഎല്ലിനിടെ വാര്‍ത്തകളില്‍ ഇടം പിടിച്ച നവീന്‍ ഉല്‍ ഹഖ്, ഫസല്‍ഹഖ് ഫറൂഖി എന്നിവരിലായിരിക്കും അഫ്‌ഗാന്‍റെ ബൗളിങ് പ്രതീക്ഷകള്‍.
ചരിത്രം രചിക്കാന്‍ അഫ്‌ഗാനിസ്ഥാന്‍:ക്രിക്കറ്റ് ചരിത്രത്തില്‍ തങ്ങളുടെ മൂന്നാമത്തെ മാത്രം ഏകദിന ലോകകപ്പ് കളിക്കാനുള്ള ഒരുക്കത്തിലാണ് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം. 2015ലായിരുന്നു അവര്‍ ആദ്യമായി ലോകകപ്പ് യോഗ്യത നേടുന്നത്. ഓസ്‌ട്രേലിയ -ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നടന്ന ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജിലെ അഞ്ചാം മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെ തകര്‍ക്കാന്‍ അവര്‍ക്കായി. ആ ജയം മാത്രമായിരുന്നു ആദ്യ ലോകകപ്പിലെ അഫ്‌ഗാന്‍റെ സമ്പാദ്യം.