ബെംഗളൂരു:ഏറെക്കാലമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേരിട്ടിരുന്ന നാലാം നമ്പര്‍ ശാപം തന്നെയായിരുന്നു ലോകകപ്പിനിറങ്ങുമ്പോഴും (Cricket World Cup 2023) ആരാധകരുടെ ചങ്കിടിപ്പ് കൂട്ടിയിരുന്നത്. ശ്രേയസ് അയ്യര്‍ തന്നെ ഈ സ്ഥാനത്തേക്ക് എത്തുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍, ലോകകപ്പിന് മുന്‍പുള്ള താരത്തിന്‍റെ മോശം പ്രകടനങ്ങള്‍ വ്യാപക വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കി.
ലോകകപ്പിലെ ആദ്യ മത്സരങ്ങളിലും മികവിലേക്ക് ഉയരാന്‍ ശ്രേയസ് അയ്യര്‍ക്കായിരുന്നില്ല. പ്രാഥമിക റൗണ്ടിലെ ആദ്യ ആറ് മത്സരങ്ങളില്‍ ഒരൊറ്റ അര്‍ധസെഞ്ച്വറി മാത്രം സ്വന്തമാക്കിയ താരത്തെ ടീമില്‍ നിന്നും പുറത്താക്കണമെന്നുള്ള വിമര്‍ശനങ്ങളും വ്യാപകമായി. എന്നാല്‍, ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം ബാറ്റുകൊണ്ടാണ് അയ്യര്‍ അവസാന മത്സരങ്ങളില്‍ മറുപടി നല്‍കിയത്.
പ്രാഥമിക റൗണ്ടില്‍ ഇന്ത്യ അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും ബാറ്റുകൊണ്ട് മികച്ച പ്രകടനം നടത്താന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിച്ചു. ഈ മൂന്ന് കളികളില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് താരത്തിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്. ഏകദിന ലോകകപ്പില്‍ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെയായിരുന്നു ശ്രേയസ് അയ്യര്‍ സെഞ്ച്വറിയടിച്ചത്.
ലോകകപ്പിലെ കന്നി സെഞ്ച്വറിയടിച്ച താരം 94 പന്തില്‍ 128 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഈ പ്രകടനത്തിന് പിന്നാലെ ശ്രേയസ് അയ്യറെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആകാശ് ചോപ്ര (Aakash Chopra Praised Shreyas Iyer). ഏകദിന ക്രിക്കറ്റിന്‍റെ ഡിഎന്‍എ മനസിലാക്കി ബാറ്റ് വീശുന്ന താരമാണ് ശ്രേയസ് അയ്യരെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.