ലോകകപ്പ് സന്നാഹ മത്സരത്തില്‍ ന്യൂസിലൻഡിനെതിരെ ആധികാരിക ജയം നേടി വെസ്റ്റ് ഇൻഡീസ്. വിന്‍ഡീസ് ഉയർത്തിയ 421 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 47.2 ഓവറില്‍ 330 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസിന് ക്രിസ് ഗെയിലും എവിന്‍ ലൂയിസും ചേര്‍ന്ന് തകർപ്പൻ തുടക്കം നൽകി. നാല് ഫോറും മൂന്ന് സിക്സുമായി 22 പന്തിൽ 36 റൺസ് നേടിയ ഗെയിൽ വെടിക്കെട്ടിന് തുടക്കം കുറിച്ചപ്പോൾ മറുവശത്ത് ഓപ്പണർ എവിൻ ലെവിസ് അർധ സെഞ്ച്വറിയും തികച്ചു. 59 ന് ആദ്യവിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ ക്രീസിലെത്തിയ ഷായ് ഹോപ്പ് തുടക്കം മുതൽ തകർത്തടിച്ചു. 86 പന്തിൽ 101 റൺസ് നേടിയ ശേഷമാണ് ഹോപ്പ് മടങ്ങിയത്. ഡാരൻ ബ്രാവോയും ഷിമ്രോൻ ഹെറ്റ്മയറും കാര്യമായി തിളങ്ങിയില്ലെങ്കിലും നായകൻ ജേസണ്‍ ഹോള്‍ഡര്‍ (47), 25 പന്തില്‍ 54 റണ്‍സെടുത്ത ആന്ദ്രേ റസല്‍, കാർലോസ് ബ്രാത് വെയറ്റ് (16 പന്തിൽ 24), ആഷ്ലി നഴ്സ് (ഒമ്പത് പന്തിൽ 21) എന്നിവർ ടീമിന്‍റെ സ്‌കോര്‍ നാനൂറ് കടത്തി. നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്‍റ് ബോള്‍ട്ടും രണ്ട് വിക്കറ്റ് നേടിയ ജെയിംസ് ഹെന്റിയും കിവീസിനായി ബൗളിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചു.