എഡ്ജ്ബാസ്റ്റൺ:ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ന്യൂസിലൻഡിന് 242 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് ഹാഷിം അംലയുടെയും (55) വാൻ ഡെർ ഡസന്‍റെയും (67) അർധ സെഞ്ച്വറിയാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ലോകകപ്പ് ക്രിക്കറ്റ്: ദക്ഷിണാഫ്രിക്കെതിരെ ന്യൂസിലൻഡിന് 242 റൺസ് വിജയലക്ഷ്യം - ഹാഷിം അംല
49 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വാൻഡെർ ഡസന്‍റെയും അംലയുടെയും അർധ സെഞ്ച്വറിയാണ് കിവീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്കോർ നേടിക്കൊടുത്തത്

നേരത്തെ മഴമൂലം കളി വൈകിയപ്പോൾ 49 ഓവറാക്കി മത്സരം ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസിന് തിരിച്ചടിയോടെയാണ് തുടങ്ങിയത്. ഏറെ പ്രതീക്ഷവെച്ചിരുന്ന ഓപ്പണർ ക്വന്‍റൺ ഡി കോക്കിന്‍റെ വിക്കറ്റ് രണ്ടാം ഓവറിൽ തന്നെ തെറിച്ചു. പിന്നീട് ശ്രദ്ധയോടെ ബാറ്റ് വീശിയ അംലയും നായകൻ ഫാഫ് ഡുപ്ലസിസും സ്കോർ മുന്നോട്ട് നീക്കി. എന്നാൽ 14-ാം ഓവറിൽ ഡുപ്ലസിസിനെ (23) പുറത്താക്കി ലോക്കി ഫെർഗൂസൺ ബ്രേക്ക് ത്രൂ നൽകി. രണ്ട് വിക്കറ്റുകൾ നഷ്ടമായതോടെ സ്കോറിംഗ് വേഗം കുറഞ്ഞു. കൃത്യമായ ഇടവേളകളിൽ വിക്കറ്റും വീണതോടെ ദക്ഷിണാഫ്രിക്ക റൺസ് കണ്ടെത്താൻ വിഷമിച്ചു. ഒരു വശത്ത് പിടിച്ചു നിന്ന അംല അർധ സെഞ്ച്വറി പൂർത്തിയാക്കി. 28-ാം ഓവറിൽ അംലയും മടങ്ങിയതോടെ പ്രോട്ടീസ് തകരുമെന്ന് പ്രതീക്ഷിച്ചെങ്കിലും പിന്നീടെത്തിയ എയ്ഡൻ മാക്രം (38), ഡേവിഡ് മില്ലർ (36) എന്നിവർ വാൻ ഡെർ ഡസന് പിന്തുണ നൽകിയതോടെ സ്കോർ 200 കടന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച വാൻ ഡെർ ഡസൻ (67) ടീമിന് 241 എന്ന ഭേദപ്പെട്ട ടോട്ടലിലെത്തിച്ചു. ന്യൂസിലൻഡിനായി ലോക്കി ഫെർഗൂസൺ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ട്രെന്‍റ് ബോൾട്ട്, കോളിൻ ഡെ ഗ്രാൻഡ്ഹോം, മിച്ചൽ സ്റ്റാന്‍റ്നെർ എന്നിവർ ഓരോ വിക്കറ്റും നേടി.