എഡ്ജ്ബാസ്റ്റൺ :ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെ പാകിസ്ഥാന് ആറ് വിക്കറ്റിന്‍റെ തകർപ്പൻ ജയം. ജയത്തോടെ പാകിസ്ഥാൻ സെമി സാധ്യതകൾ നിലനിർത്തി. ടൂർണമെന്‍റിലെ കിവീസിന്‍റെ ആദ്യ തോൽവി കൂടിയാണിത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് തുടക്കത്തിലെ തകർച്ചക്ക് ശേഷമാണ് തിരിച്ചടിച്ചത്. അവസാന ഓവറുകളിലെ ജെയിംസ് നീഷത്തിന്‍റെയും (97*) കോളിൻ ഡെ ഗ്രാൻഡ്ഹോമിന്‍റെയും (64) തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് കിവീസിനെ 230 എന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ലോകകപ്പ് ക്രിക്കറ്റിൽ കിവീസിനെ തകർത്ത് പാകിസ്ഥാൻ
ബാബർ അസമിന്‍റെ സെഞ്ച്വറിയും ഹാരിസ് സൊഹൈലിന്‍റെ അർധ സെഞ്ച്വറിയുമാണ് പാകിസ്ഥാന് ജയം നേടിക്കൊടുത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ ശ്രദ്ധയോടെയാണ് ബാറ്റു വീശിയത്. ഓപ്പിണിംഗ് കൂട്ടുകെട്ട് കാര്യമായ സംഭാവന നൽകാതെ മടങ്ങിയപ്പോൾ 11 ഓവറിൽ പാകിസ്ഥാൻ 44-2 എന്ന സ്കോറിലേക്ക് വീണു. ഫഖർ സമാൻ ഒമ്പത് റൺസെടുത്ത് പുറത്തായപ്പോൾ ഇമാം ഉൾ ഹഖ് 19 റൺസെടുത്ത് മടങ്ങി. പിന്നീട് ക്രീസിലൊന്നിച്ച ബാബർ അസമും മുഹമ്മദ് ഹഫീസും പാകിസ്ഥാൻ സ്കോർ മുന്നോട്ടു നീക്കി. 25-ാം ഓവറിൽ ഹഫീസിനെ (32) പുറത്താക്കി കെയിൻ വില്യംസൺ കിവീസിന് ബ്രേക്ക് ത്രൂ നൽകി. എന്നാൽ ഒരറ്റത്ത് ബാബർ അസം പതറാതെ പിടിച്ചു നിന്നു. അസമിന് മികച്ച പിന്തുണയുമായി ഹാരിസ് സൊഹൈലും ബാറ്റ് വീശിയതോടെ പാകിസ്ഥാൻ വിജയത്തിലേക്ക് നീങ്ങി. ബാബർ അസം (101*) സെഞ്ച്വറി നേടിയപ്പോൾ സെഹൈൽ (68) അർധ സെഞ്ച്വറി നേടി പുറത്തായി. നാലാം വിക്കറ്റിൽ ഇരുവരും 126 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 49-ാം ഓവറിൽ സൊഹൈൽ പുറത്തായെങ്കിലും പാകിസ്ഥാൻ ജയം ഉറപ്പാക്കിയിരുന്നു. അവസാന ഓവറിന്‍റെ ആദ്യ പന്തിൽ ലോക്കി ഫെർഗൂസണെ ബൗണ്ടറി പായിച്ച് നായകൻ സർഫ്രാസ് അഹമ്മദ് പാകിസ്ഥാന് ജയം നേടിക്കൊടുത്തു. ന്യൂസിലൻഡിനായി ട്രെന്‍റ് ബോൾട്ട്, ലോക്കി ഫെർഗൂസൺ, വില്യംസൺ എന്നിവർ ഓരോ വിക്കറ്റ് നേടി. ജയത്തോടെ ഏഴ് പോയിന്‍റുമായി പാകിസ്ഥാൻ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തുകയും സെമി പ്രതീക്ഷകൾ നിലനിർത്തുകയും ചെയ്തു.