ലോർഡ്സ്:ലോകകപ്പ് ക്രിക്കറ്റിൽ നിന്നും പാകിസ്ഥാനോട് തോറ്റ് ദക്ഷിണാഫ്രിക്ക പുറത്ത്. നിർണായക മത്സരത്തിൽ പാകിസ്ഥാനുയർത്തിയ 309 റൺസ് പിന്തുടർന്ന പ്രോട്ടീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഇന്നത്തെ തോൽവിയോടെ ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾ അവസാനിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്ഥാന് ഓപ്പണർമാരായ ഇമാം ഉൾ ഹഖും ഫഖർ സമാനും മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റില്‍ ഇരുവരും 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് തകർച്ചയിലേക്ക് നീങ്ങിയെങ്കിലും ബാബർ അസമും (69) അവസാന ഓവറുകളിൽ തകർത്തടിച്ച് ഹരിസ് സൊഹൈലും (89) പാകിസ്ഥാനെ 308 ൽ എത്തിക്കുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയോടെയായിരുന്നു തുടക്കം. രണ്ടാം ഓവറിന്‍റെ ആദ്യ പന്തിൽ തന്നെ ഹാഷിം അംലയെ പുറത്താക്കി മുഹമ്മദ് അമിർ പാകിസ്ഥാന് ബ്രേക്ക് ത്രൂ നൽകി. എന്നാൽ പിന്നീട് ക്രീസിലെത്തിയ നായകൻ ഫാഫ് ഡുപ്ലെസിസ് ക്വിന്‍റൺ ഡി കോക്കിനെ കൂട്ടുപിടിച്ച് സ്കോർ മുന്നോട്ടു നീക്കി. എങ്കിലും സ്കോറിംഗ് വേഗം കുറവായത് തിരിച്ചടിയായി. 20-ാം ഓവറിൽ 47 റൺസെടുത്ത ഡി കോക്ക് പുറത്ത്. പിന്നെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ പ്രോട്ടീസ് പരുങ്ങി. 24-ാം ഓവറിൽ എയ്ഡൻ മാക്രം (7) 30-ാം ഓവറിൽ ഡുപ്ലെസിസും (63) വീണതോടെ ആഫ്രിക്കൻ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. വാൻഡെർ ഡസണും (36) ഡേവിഡ് മില്ലറും (31) പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എട്ടാമനായിറങ്ങിയ അൻഡിലെ പെഹ്ലുക്വായോ അവസാന ഓവറുകളിൽ തകർത്തടിച്ചെങ്കിലും (32 പന്തിൽ 46) അദ്ദേഹത്തിന് പിന്തുണ നൽകാൻ വാലറ്റക്കാർക്ക് സാധിക്കാതെ പോയതോടെ ദക്ഷിണാഫ്രിക്ക 49 റൺസകലെ വീണു.
പാകിസ്ഥാന് വേണ്ടി ഷദാബ് ഖാന്‍, വഹാബ് റിയാസ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് അമീർ രണ്ടും ഷഹീൻ അഫ്രീദി ഒരു വിക്കറ്റും നേടി. ജയത്തോടെ പാകിസ്ഥാൻ സെമി പ്രതീക്ഷകൾ നിലനിർത്തി. ബുധനാഴ്ച്ച ന്യൂസിലൻഡിനെതിരെയാണ് പാക് പടയുടെ അടുത്ത മത്സരം. ടൂർണമെന്‍റിൽ ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. രണ്ടിലും ജയിച്ചാലും മൂന്ന് പോയിന്‍റ് മാത്രമുള്ള അവർക്ക് സെമിയിൽ കടക്കുക അസാധ്യം.