കേരളം

kerala

ETV Bharat / sports

ലോകകപ്പിലെ നിർഭാഗ്യത്തിന്‍റെ മുഖം ; പ്രോട്ടീസെന്ന ദക്ഷിണാഫ്രിക്ക - ദക്ഷിണാഫ്രിക്ക

ലോകകപ്പ് ഉൾപ്പെടെയുള്ള വലിയ ടൂർണമെന്‍റുകളിൽ കാലിടറുന്നത് ദക്ഷിണാഫ്രിക്കൻ ടീമിന്‍റെ ചരിത്രത്തിലെ കറുത്ത നിഴലാണ്. ചരിത്രം തിരുത്താൻ ഇംഗ്ലണ്ട് ലോകകപ്പിലേക്ക് സന്തുലിതമായ ടീമുമായാണ് പ്രോട്ടീസ് എത്തുന്നത്.

പ്രോട്ടീസ്

By

Published : May 21, 2019, 3:50 PM IST

ലോകകപ്പ് ക്രിക്കറ്റിലെ നിര്‍ഭാഗ്യത്തിന്‍റെ മുഖമാണ് ദക്ഷിണാഫ്രിക്കയുടേത്. താരപ്രഭയിൽ ഒരു കുറവുമില്ലാത്ത ടീമിനെ അണിയിച്ചൊരുക്കിയാണ് എക്കാലവും ആഫ്രിക്കൻസ് ടൂർണമെന്‍റിന് എത്തുന്നത്. എല്ലാത്തവണയും കിരീട ഫേവറിറ്റുകളുടെ പട്ടികയിൽ ഇടംനേടാൻ സാധിച്ചിട്ടുണ്ടെങ്കിലും നിരാശയുമായാണ് അവർ മടങ്ങാറുള്ളത്.

1960 ലെ ഐസിസിയുടെ വിലക്കിനെ തുടർന്ന് 1992-ല്‍ ഓസ്ട്രേലിയയില്‍ നടന്ന ലോകകപ്പിലാണ് പ്രോട്ടീസ് ആദ്യമായി പോരാട്ടത്തിന് ഇറങ്ങിയത്. ടൂർണമെന്‍റിലുടനീളം മിന്നും ജയങ്ങളുമായി വിസ്മയിപ്പിച്ച ദക്ഷിണാഫ്രിക്കയെ സെമിയിൽ മഴ ചതിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടന്ന 1996 ലോകകപ്പില്‍ ഹാന്‍സി ക്രോണ്യയുടെ നേതൃത്വത്തില്‍ പ്രതീക്ഷയോടെയെത്തിയ പ്രോട്ടീസ് ഗ്രൂപ്പ് ഘട്ടത്തിൽ വീണ്ടും തകർപ്പൻ പ്രകടനങ്ങൾ പുറത്തെടുത്തു. ഗാരി കേസ്റ്റൺ, ആന്‍ഡ്രു ഹഡ്സൻ, ഡാരില്‍ കള്ളിൻ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയും ഷോണ്‍ പൊള്ളോക്ക്, അലന്‍ ഡൊണാള്‍ഡ് കോപാറ്റ് സിംസും അടങ്ങുന്ന ബൗളിംഗ് നിരയും പ്രാഥമിക റൗണ്ടില്‍ തകര്‍ത്ത് കളിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക അനായാസം ക്വാര്‍ട്ടറിലെത്തി.

കറാച്ചിയില്‍ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രയാന്‍ ലാറയുടെ സെഞ്ച്വറിയില്‍ വെസ്റ്റ് ഇന്‍ഡീസ് എട്ട് വിക്കറ്റിന് 264 റണ്‍സിലേക്ക് കുതിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം മത്സരം തീരാന്‍ മൂന്ന് പന്ത് ശേഷിക്കെ 245-ല്‍ അവസാനിച്ചു. ലോക കിരീടമില്ലാത ഹാന്‍സി ക്രോണ്യയയും ഡാരില്‍ കള്ളിനായും മാക് മില്ലനുമൊക്കെ പാഡഴിക്കുന്നത് നിരാശയോടെയാണ് പ്രോട്ടീസ് ആരാധകര്‍ കണ്ടുനിന്നത്.

99 ലോകകപ്പിൽ ഇന്ത്യ അടങ്ങിയ ഗ്രൂപ്പ് എയിൽ ചാമ്പ്യൻമാരായാണ് സൂപ്പർ സിക്സിന് ദക്ഷിണാഫ്രിക്ക യോഗ്യത നേടിയത്. ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും പ്രതിഭാശാലികളായ ടീമിനെ വച്ച് സെമിയില്‍ എത്തിയപ്പോള്‍ കിരീടം ഏറെക്കുറെ പ്രോട്ടീസ് ഉറപ്പിച്ചു. എന്നാൽ അപ്രതീക്ഷിതമായി ഓസ്ട്രേലിയക്കെതിരെയുള്ള മത്സരം ടൈ ആയി. പ്രാഥമിക റൗണ്ടിലെ മികച്ച റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഓസ്ട്രേലിയ ഫൈനലിലെത്തി കപ്പടിച്ചു. അന്നും അവിടെ നിർഭാഗ്യത്തെ പഴിചാരി അവർ മടങ്ങി. 2003-ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ അവസാന നിമിഷം റണ്‍ കണക്കുകൂട്ടിയതിലെ പാളിച്ചമൂലം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ സ്വന്തം കാണികൾക്ക് മുന്നിൽ നാണം കെട്ടുള്ള മടക്കം.

2007 ലോകകപ്പിൽ ലോക ഒന്നാം നമ്പർ പദവിയുമായി എത്തിയ ഗ്രെയിം സ്മിത്തിന്‍റെ ടീം 99 ലോകകപ്പിനെ ഓർമിപ്പിച്ചു. അന്നും സെമിയിൽ ഓസീസിനോട് ഏഴ് വിക്കറ്റിന് തോറ്റ് വീണ്ടും തലകുനിച്ച് മടങ്ങേണ്ടി വന്നു. 2011 ല്‍ ഇന്ത്യയിൽ നടന്ന ലോകകപ്പിൽ ക്വാർട്ടർ വരെ എത്താനെ പ്രോട്ടീസിനായുള്ളൂ. 2015 ലും കിരീടത്തോട് അടുത്ത് സെമിയിലെത്തിയ ആഫ്രിക്കൻ ടീം പടിക്കൽ തന്നെ കലമുടച്ചു. സെമിയിൽ ന്യൂസിലൻഡ് ഉയർത്തിയ 300 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ടീം 19 റൺസിന്‍റെ തോൽവി നേരിട്ടു.

ഇവിടുന്നെല്ലാം പാഠമുൾക്കൊണ്ട് ഇത്തവണ ഒത്തൊരുമയുള്ള മികച്ച ടീമായാണ് ഫാഫ് ഡുപ്ലെസിസിന്‍റെ കീഴിൽ ദക്ഷിണാഫ്രിക്ക എത്തുന്നത്. ഇംഗ്ലണ്ടിനും ഇന്ത്യക്കും പിന്നില്‍ ഏകദിന റാങ്കിങ്ങില്‍ മൂന്നാംസ്ഥാനം. പരിചയ സമ്പന്നരും പുതുമുഖങ്ങളുമടങ്ങിയ മികച്ച ടീം കോമ്പിനേഷന്‍. നായകൻ ഫാഫ് ഡുപ്ലെസിസ്, ക്വിന്‍റണ്‍ ഡി കോക്ക്, ഹാഷിം അംല, ജെപി ഡുമിനി, ഡേവിഡ് മില്ലര്‍ എന്നിവര്‍ ഏകദിനത്തില്‍ നൂറിലേറെ മത്സരങ്ങള്‍ കളിച്ചവരാണ്. അതിശക്തമായ പേസ് ആക്രമണ നിരയാണ് പ്രോട്ടീസിന്‍റെ ഇത്തവണത്തെ കരുത്ത്. പരിചയ സമ്പന്നനായ ഡെയിൽ സ്റ്റെയിന് പുറമെ കാഗിസോ റബാഡ, ലുങ്കി എന്‍ഗീഡി എന്നീ സ്പെഷ്യലിസ്റ്റ് പേസര്‍മാര്‍ക്കൊപ്പം ഇമ്രാന്‍ താഹിര്‍ എന്ന സ്പിൻ മാന്ത്രികൻ കൂടി ചേരും. ആന്‍ഡില്‍ പെഹ്ലൂക്വായോ, ക്രിസ് മോറിസ് എന്നീ പേസ് ഓൾ റൗണ്ടര്‍മാരുമുണ്ട് ടീമിൽ. ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമായ ടീം നിർഭാഗ്യരുടെ ടീമെന്ന ചീത്ത പേര് മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ ഇംഗ്ലണ്ടിലേക്ക് എത്തുന്നത്.

ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീം

ABOUT THE AUTHOR

...view details