ചെന്നൈ: ചെപ്പോക്കില്‍ അത്‌ഭുതങ്ങൾ സംഭവിച്ചില്ല. ഇന്ത്യ സ്പിൻവല നെയ്‌തപ്പോൾ ഇംഗ്ലണ്ട് അതില്‍ വീണു. ഇംഗ്ളണ്ടിന് എതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 317 റൺസിന്‍റെ തകർപ്പൻ ജയം. ഇതോടെ നാല് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഓരോ മത്സരങ്ങൾ ജയിച്ച് ഇന്ത്യയും ഇംഗ്ളണ്ടും ഒപ്പത്തിനൊപ്പമെത്തി. ചെന്നൈയിലെ ആദ്യ ടെസ്റ്റിലെ തോല്‍വിക്കുള്ള പ്രതികാരമായിരുന്നില്ല ഇന്ത്യയുടെ ഈ വിജയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമുള്ളതാക്കുന്നതായിരുന്നു.
ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റും ഒപ്പം രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിങിന് ഇറങ്ങി സെഞ്ച്വറിയും ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റും നേടിയ ആർ അശ്വിനാണ് ചെപ്പോക്കില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയും കളിയിലെ താരവും. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ ഓപ്പണർ രോഹിത് ശർമയും ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അക്‌സർ പട്ടേലും ഇന്ത്യൻ വിജയത്തില്‍ നിർണായകമായി. ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആറാം സ്പിന്നർ കൂടിയാണ് അക്‌സർ പട്ടേല്‍.
വിവി കുമാർ, ഡി ദോഷി, നരേന്ദ്ര ഹിർവാനി, അമിത് മിശ്ര, ആർ അശ്വിൻ എന്നിവരാണ് ഇതിനു മുൻപ് അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർമാർ. ഇന്നലെ രണ്ടാം ഇന്നിംഗ്സില്‍ കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയുമായി തിളങ്ങിയ അശ്വിന്‍റെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. 482 റൺസ് എന്ന വൻ വിജയ ലക്ഷ്യം ഇംഗ്ലണ്ടിന് മുന്നില്‍ വെച്ച ടീം ഇന്ത്യ ഇന്നലെ തന്നെ വിജയം മണത്തിരുന്നു.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റൺസ് എന്ന നിലയില്‍ നാലാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ സെഷനില്‍ തന്നെ വിക്കറ്റുകൾ നഷ്ടമായിത്തുടങ്ങിയിരുന്നു. ഡാനിയേല്‍ ലോറൻസ് ( 26), ജോ റൂട്ട് (33), ബെൻ സ്റ്റോക്‌സ് ( 8), ഒലി പോപ്പ് ( 12), ബെൻ ഫോക്‌സ് ( 2), ഒലി സ്റ്റോൺ (0), സ്റ്റുവർട്ട് ബ്രോഡ് (5) എന്നിവർ അതിവേഗം പുറത്തായി. അതിനിടെ 18 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും അടക്കം 43 റൺസ് നേടി പുറത്തായ മോയിൻ അലി അവസാനമിനിട്ടുകളില്‍ ഇന്ത്യൻ ബൗളർമാർക്ക് ഭീഷണി ഉയർത്തി. റോറി ബേൺസ് ( 25), ഡൊമിനിക് സിബ്ലി (3), ജാക്ക് ലീച്ച് (0) എന്നിവർ ഇന്നലെ പുറത്തായിരുന്നു.
അക്‌സർ പട്ടേല്‍ അഞ്ച് വിക്കറ്റ് നേടിയപ്പോൾ രവി അശ്വിൻ മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും സ്വന്തമാക്കി. പരമ്പരയിലെ മൂന്നാം മത്സരം ഈമാസം 24ന് അഹമ്മദാബാദില്‍ തുടങ്ങും.