ഒരു ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ച്വറി; റെക്കോര്‍ഡുമായി രോഹിത് - world cup
2015 ലോകകപ്പില്‍ നാല് സെഞ്ച്വറി നേടിയ ശ്രീലങ്കയുടെ മുന്‍ താരം കുമാര്‍ സങ്കക്കാരയുടെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്.
ലീഡ്‌സ്: ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ ഏറ്റവും അധികം സെഞ്ച്വറി നേട്ടമെന്ന ബഹുമതി ഇനി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മക്ക് സ്വന്തം. ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെയാണ് ഒരു ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി എന്ന നേട്ടം രോഹിത് സ്വന്തമാക്കിയത്. 2015 ലോകകപ്പില്‍ നാല് സെഞ്ച്വറി നേടിയ ശ്രീലങ്കയുടെ മുന്‍ താരം കുമാര്‍ സങ്കക്കാരയുടെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്. അതേ സമയം ലോകകപ്പ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങള്‍ എന്ന നിലയില്‍ രോഹിത് സച്ചിന്‍റെ ഒപ്പമെത്തി. രണ്ട് ലോകകപ്പ് മത്സരങ്ങളിലായി ആറ് സെഞ്ച്വറികളാണ് രോഹിതിന്‍റെ നേട്ടം. ആറ് ലോകകപ്പുകളില്‍ നിന്നാണ് സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ന് ശ്രീലങ്കക്കെതിരായ മത്സരത്തില്‍ 94 പന്തില്‍ നിന്ന് 103 റണ്‍സുമായാണ് രോഹിത് കളം വിട്ടത്. രണ്ട് സിക്സുകളും 14 ഫോറുകളും ഉള്‍പ്പെടെയാണ് താരം സെഞ്ച്വറി തികച്ചത്. രോഹിതിന് പിന്തുണയുമായി കെ എല്‍ രാഹുലും മികച്ച പ്രകടനം നടത്തി. മത്സരത്തില്‍ രാഹുലും സെഞ്ച്വറി നേടി.