ഇന്ത്യൻ ക്രിക്കറ്റിന്‍റെ തലവര മാറ്റിയെഴുതിയ ക്യാപ്റ്റൻ കൂൾ മഹേന്ദ്രസിങ് ധോണിക്ക് ഇന്ന് 38-ാം പിറന്നാൾ. തലനാരിഴ പിഴയ്ക്കാത്ത കീപ്പിങും എതിർകളിക്കാരെ അളന്നെടുത്ത് തന്ത്രങ്ങൾ മെനയുന്ന നായക കൗശലവും കളിക്കൊത്ത് ക്ലാസും അഗ്രസീവ്നെസും മാറിപ്രയോഗിക്കുന്ന ബാറ്റിങ് ശൈലിയുമാണ് മഹേന്ദ്ര സിങ് ധോണിയെന്ന റാഞ്ചിക്കാരനെ ഇന്ത്യയിലെ കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരുടെ മഹിയാക്കി മാറ്റിയത്.
2004 ഡിസംബൽ 3ന് ബംഗ്ലാദേശിനെതിരെ അരങ്ങേറ്റം കുറിച്ചെങ്കിലും ആദ്യ നാല് മത്സരങ്ങളിൽ മോശം പ്രകടനം കാഴ്ച്ചവച്ച ധോണി ഇന്ത്യൻ ക്രിക്കറ്റിൽ ഭാഗ്യപരീക്ഷണം പോലെ വന്നുപോകുന്ന കളിക്കാരിലൊരാളായാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ കരിയറിലെ അഞ്ചാം ഏകദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് അതിന്‍റെ ഭാവിയെ തിരിച്ചറിഞ്ഞു. ക്ലാസിക് ക്രിക്കറ്റിന്‍റെ എല്ലാ ചിട്ടവട്ടങ്ങളെയും മറികടന്ന അയാൾ ബൗണ്ടറികൾ പായിച്ചു. പിന്നീടിങ്ങോട്ട് കരുത്തുള്ള കരിയറും ടീമും കെട്ടിപടുക്കാനായിരുന്നു അയാളുടെ പ്രയത്നം. അത് ഫലം കണ്ടതിന്‍റെ തെളിവാണ് ഇന്ത്യ നേടിയ രണ്ട് ലോകകപ്പ് കിരീടങ്ങൾ.