ലീഡ്സ് : ലോകകപ്പ് ക്രിക്കറ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ശ്രീലങ്കക്ക് 20 റൺസിന്‍റെ തകർപ്പൻ ജയം. ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക ഉയർത്തിയ 233 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 212 റൺസിന് ഓൾഔട്ടാവുകയായിരുന്നു. തീർത്തും അപ്രതീക്ഷിതമായിരുന്നു കരുത്തരായ ഇംഗ്ലണ്ടിന്‍റെ തോൽവി. നാല് വിക്കറ്റെടുത്ത ലസിത് മലിംഗയും മൂന്ന് വിക്കറ്റെടുത്ത ധനഞ്ജയ ഡ സിൽവയുമാണ് ലങ്കയുടെ വിജയ ശില്പികൾ.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ലങ്കയുടെ തുടക്കം തകർച്ചയോടെ ആയിരുന്നെങ്കിലും മുൻ നായകൻ ഏയ്ഞ്ചലോ മാത്യൂസിന്‍റെ അർധ സെഞ്ച്വറിയും (85*) അവിഷ്ക ഫെർണാണ്ടോ (49), കുശാൽ മെൻഡിസ് (46) എന്നിവരുടെ ബാറ്റിംഗ് പ്രകടനവുമാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിങ്ങിയ ഇംഗ്ലണ്ടിനും തിരിച്ചടിയോടെയായിരുന്നു തുടക്കം. ആദ്യ ഓവറിന്‍റെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ ജോണി ബെയർസ്റ്റോ കൂടാരം കയറി. ലസിത് മലിംഗ ബെയർസ്റ്റോയെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. അധികം വൈകാതെ ഏഴാം ഓവറിൽ 14 റണ്‍സെടുത്ത ജെയിംസ് വിന്‍സിനെയും മലിംഗ മടക്കി. പിന്നീട് ക്രീസിലൊന്നിച്ച നായകൻ ഓയിൻ മോർഗനും ജോ റൂട്ടും ഇംഗ്ലണ്ടിന്‍റെ സ്കോർ മുന്നോട്ടു നീക്കി. എന്നാൽ സ്കോറിംഗ് വേഗം കുറവായിരുന്നു. എന്നാൽ 19-ാം ഓവറിൽ 21 റൺസെടുത്ത മോർഗനെ പുറത്താക്കി ഇസ്രൂ ഉദാന്ത ഞെട്ടിച്ചു. എന്നാൽ അവിടുന്ന് ഒന്നിച്ച റൂട്ടും ബെൻ സ്റ്റോക്ക്സും ഇംഗ്ലണ്ടിന് വിജയ പ്രതീക്ഷ നൽകി. നാലാം വിക്കറ്റിൽ ഇരുവരും 54 റൺസ് കൂട്ടിച്ചേർത്തു. അടുത്ത സ്പെൽ എറിയാനെത്തിയ മലിംഗ അർധ സെഞ്ച്വറി പൂർത്തിയാക്കിയ റൂട്ടിനെ (57) പുറത്താക്കി. പിന്നീട് തുടരെ തുടരെ വിക്കറ്റുകൾ വീണപ്പോൾ ഇംഗ്ലണ്ടിന്‍റെ പതനം പൂർത്തിയായി. എന്നാൽ 82 റൺസുമായി പുറത്താകാതെ ബെൻ സ്റ്റോക്സ് പിടിച്ചുനിന്നെങ്കിലും ആതിഥേയരെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. വാലറ്റത്ത് സ്റ്റോക്സിന് പിന്തുണ നൽകാൻ ആര്‍ക്കും കഴിയാതെ പോയതും ഇംഗ്ലണ്ടിന്‍റെ തോൽവിക്ക് കാരണമായി. ലങ്കക്കായി മലിംഗ നാല് വിക്കറ്റ് നേടിയപ്പോൾ ധനഞ്ജയ ഡ സിൽവ മൂന്ന് വിക്കറ്റും ഉദാന്ത രണ്ടും നുവാൻ പ്രദീപ് ഒരു വിക്കറ്റും നേടി ശ്രീലങ്കൻ ജയത്തിൽ നിർണായക പങ്കുവഹിച്ചു.
മുന്നൂ റൺസിലധികം സ്കോർ കണ്ടെത്തിയിരുന്ന ഇംഗ്ലണ്ടിന്‍റെ തോൽവി ആരാധകരെ ഞെട്ടിക്കുന്നതാണ്. കിരീട ഫേവറിറ്റുകളാണെന്നതും തോൽവിയുടെ ആഘാതം കൂട്ടുന്നു. ലസിത് മലിംഗയുടെ തകർപ്പൻ സ്‌പെല്ലുകളാണ് ഇംഗ്ലണ്ടിനെ തകർച്ചക്ക് കാരണമായത്. ലോകകപ്പിലെ ഇംഗ്ലണ്ടിന്‍റെ രണ്ടാം തോൽവിയാണിത്. ലങ്കൻ ജയത്തിൽ നിര്‍ണായക നേട്ടം കൈവരിക്കാനും മലിംഗക്ക് സാധിച്ചു. ലോകകപ്പില്‍ 50 വിക്കറ്റുകള്‍ എന്ന നേട്ടമാണ് മലിംഗ സ്വന്തമാക്കിയത്. 71 വിക്കറ്റുമായി ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്താണ് ലോകകപ്പ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമത്. ശ്രീലങ്കയുടെ തന്നെ മുത്തയ്യ മുരളീധരന്‍ രണ്ടാമതും വസീം അക്രം മൂന്നാം സ്ഥാനത്തുമാണ്.