വെല്ലിങ്ടണ്‍:വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാമത്തെ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് മികച്ച തുടക്കം. വെല്ലിങ്ടണില്‍ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ആതിഥേയര്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 294 റണ്‍സെടുത്തു.
വെല്ലിങ്ടണ്‍ ടെസ്റ്റ്: വിന്‍ഡീസിന് എതിരെ കിവീസിന് മികച്ച തുടക്കം
വെല്ലിങ്ടണ്‍ ടെസ്റ്റില്‍ നിന്നും വ്യക്തിപരമായ കാരണങ്ങളാല്‍ ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍ വിട്ടുനില്‍ക്കുകയാണ്. ടോം ലാത്തമാണ് കിവീസിനെ നയിക്കുന്നത്
സെഞ്ച്വറിയോടെ 117 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന ഹെന്‍ട്രി നിക്കോളാസിന്‍റെ കരുത്തിലാണ് ന്യൂസിലന്‍ഡ് ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. ഒരു റണ്‍സെടുത്ത കെയില്‍ ജാമിസണാണ് കൂടെയുള്ളത്. നേരത്തെ നായകന്‍ ടോം ലാത്തവും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ടോം ബ്ലണ്ടലും ചേര്‍ന്ന് 31 റണ്‍സിന്‍റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഉണ്ടാക്കുവാനേ സാധിച്ചുള്ളൂ. ലാത്തം 27 റണ്‍സെടുത്തും ബ്ലണ്ടല്‍ 14 റണ്‍സെടുത്തും കൂടാരം കയറി. 43 റണ്‍സ് എടുത്ത പുറത്തായ വില്‍ യങ്ങാണ് കിവീസിനെ 100 കടക്കാന്‍ സഹായിച്ചത്. റോസ് ടെയ്‌ലര്‍ ഒമ്പത് റണ്‍സെടുത്തും ബിജെ വാട്ട്ലിങ് 30 റണ്‍സെടുത്തും ഡാരി മിച്ചല്‍ 42 റണ്‍സെടുത്തും കൂടാരം കയറി.
മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ വിന്‍ഡീസ് പേസര്‍ ഷാനോണ്‍ ഗബ്രിയേലാണ് ആതിഥേയരെ ഒരു ഘട്ടത്തില്‍ പ്രതിരോധത്തിലാക്കിയത്. അല്‍സാരി ജോസഫ് ഒരു വിക്കറ്റും ചേമര്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കിവീസ് വമ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. സെഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്സിനും 134 റണ്‍സിനുമായിരുന്നു കിവീസിന്‍റെ ജയം. ഇരട്ട സെഞ്ച്വറിയോടെ 251 റണ്‍സെടുത്ത നായകന്‍ കെയിന്‍ വില്യംസണാണ് ന്യൂസിലന്‍ഡിന് അനായാസ ജയം സമ്മാനിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് വില്യംസണ്‍ രണ്ടാമത്തെ ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.